അബുദാബി സ്‌പെഷ്യല്‍ ഒളിംപിക്സില്‍ മലയാളിത്തിളക്കം... മൂന്ന് മലയാളികള്‍ക്ക് സ്വര്‍ണം

by Sports | 22-03-2019 | 2408 views

അബൂദബി: ഇന്ന് സമാപിക്കുന്ന അബൂദബി സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ മൂന്ന് മലയാളികള്‍ സ്വര്‍ണം നേടി. പുരുഷ വിഭാഗം നീന്തല്‍, ഹാന്‍ഡ് ബോള്‍, വനിത വിഭാഗം ബാഡ്മിന്‍റണ്‍ എന്നിവയിലാണ് സ്വര്‍ണ നേട്ടം. ഹാന്‍ഡ് ബോളില്‍ സ്വര്‍ണം നേടിയ ഫര്‍സീന്‍ മോല്ലാക്കിരിയത്ത് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വടകര മുക്ക് സ്വദേശിയാണ്. ആദ്യമായാണ് ഫര്‍സീന്‍ ലോക സ്‌പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിശീലനത്തിനും, ഒരു വര്‍ഷത്തെ തീവ്ര പരിശീലനത്തിനും ശേഷമാണ് കാഞ്ഞങ്ങാട് റോട്ടറി സ്‌കൂളില്‍ ബിരുദ പഠനം നടത്തുന്ന ഫര്‍സീന്‍ ലോക സ്‌പെഷ്യല്‍ ഒളിംപിക്സിനായി യു എ ഇ-യിലെത്തിയത്. അബ്ദുള്ള വാഹിറ എന്നിവരുടെ മകനാണ്.

വനിതാ വിഭാഗം ബാഡ്മിന്‍റണില്‍ സ്വര്‍ണം നേടിയ ശ്രുതി പാലക്കാട് ഒലവങ്കോട്ടെ സുബ്രമണ്യന്‍-വാസന്തി ദമ്പതികളുടെ മകളാണ്. മുട്ടികുളങ്ങര ജ്യോതി നിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ വൊക്കേഷണല്‍ വിദ്യാര്‍ഥിനിയായ ശ്രുതിയും ആദ്യമായാണ് ലോക സ്‌പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. കണ്ണന്‍ മാസ്റ്ററാണ് പരിശീലനം നല്‍കിയത്.

പുരുഷ വിഭാഗം 100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ കോട്ടയം പാലാ സ്വദേശി വിശാന്ത് രവീന്ദ്രനാണ് സ്വര്‍ണം നീന്തിയെടുത്തത്. അന്തിനാട് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ പത്തൊന്‍പതുകാരന്‍. കഴിഞ്ഞ ദിവസം നടന്ന 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിശാന്ത് പോരാട്ടവീര്യം വീണ്ടടുത്തതോടെ 100 മീറ്ററില്‍ ഇന്ത്യയുടെ സുവര്‍ണ താരമാവുകയായിരുന്നു.

Lets socialize : Share via Whatsapp