'സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് അബുദാബി 2019'-ന് ഒരുങ്ങി യു.എ.ഇ

by Sports | 15-03-2019 | 907 views

അബുദാബി: സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് അബുദാബി 2019-ന് ഒരുങ്ങി യു.എ.ഇ. വ്യാഴാഴ്ച മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ കായിക മത്സരമായ ഒളിമ്പിക്സ് നിശ്ചയ ദാര്‍ഢ്യമുള്ള ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരും. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ലോകത്തിന്‍റെ യോജിച്ച ശ്രമത്തിനൊപ്പം ശക്തമായ ചുവടുവെയ്പ്പാണ് സഹിഷ്ണുതാവര്‍ഷത്തില്‍ യു.എ.ഇ നടത്തിയിരിക്കുന്നത്.

വേദികള്‍, മത്സരങ്ങള്‍

സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് അബുദാബിയിലെ ഏഴ് വേദികളിലും ദുബായിലെ രണ്ട് വേദികളിലുമായാണ് നടക്കുന്നത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടനവും സമാപനവും. ഫുട്ബോള്‍, ടെന്നീസ്, ബൗളിങ് എന്നീ മത്സരങ്ങളും സ്റ്റേഡിയത്തില്‍ നടക്കും.

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററാണ് ഒളിമ്പിക്സിന്‍റെ ഏറ്റവും തിരക്കേറിയ വേദി. ബാസ്‌കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ് മത്സരമടക്കം പതിനൊന്ന് ഇനങ്ങള്‍ ഇവിടെ നടക്കും. അല്‍ ഫോഴ്സണ്‍ ഇന്‍റര്‍നാഷണല്‍ റിസോര്‍ട്ടാണ് മറ്റൊരു വേദി. കുതിരയോട്ടമടക്കമുള്ള മത്സരങ്ങള്‍ 16 മുതല്‍ 20 വരെ ഇവിടെ നടക്കും. ഇതേ ദിവസങ്ങളില്‍ തന്നെ അബുദാബി കോര്‍ണിഷില്‍ ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ നടക്കും.

യാസ് ലിങ്ക് ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് മത്സരങ്ങള്‍ നടക്കും. യാസ് മറീന സര്‍ക്യൂട്ടില്‍ സൈക്ലിങ് മത്സരങ്ങളും അബുദാബി സെയിലിങ് ആന്‍ഡ് യാച്ച് ക്ലബ്ബില്‍ കയാക്കിങ് മത്സരങ്ങളും നടക്കും. ദുബായ് പോലീസ് സ്റ്റേഡിയത്തില്‍ 16 മുതല്‍ 20 വരെ അത്ലറ്റിക് ഇനങ്ങള്‍ നടക്കും. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് നീന്തല്‍ മത്സരങ്ങള്‍ നടക്കുക. ദുബായ് ലാ മെറില്‍ തുറന്ന സ്ഥലത്തുള്ള നീന്തല്‍ മത്സരം നടക്കും.

സ്പെഷ്യല്‍ ഒളിമ്പിക്സിനായി ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ 7,500 മത്സരാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫിറ്റ്നസ് വാച്ചുകള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സര സമയത്തടക്കം ഓരോരുത്തരുടെയും ശാരീരികാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ അവസ്ഥയറിയാന്‍ ഇത് സഹായിക്കും.

Lets socialize : Share via Whatsapp