ഭക്ഷണം പാകം ചെയ്യുന്നത് നേരില്‍ക്കണ്ട് കഴിക്കാം... കുവൈത്തില്‍ റസ്റ്റോറന്‍റുകളുടെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറ

by International | 20-02-2019 | 570 views

കുവൈത്ത്: കുവൈത്തില്‍ റസ്റ്റോറന്‍റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്‍മാന്‍ ഈസ അല്‍ കന്ദരിയാണ് ഇതിന്‍റെ നര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.

ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാന്‍ കഴിയും വിധം റസ്റ്റോറന്‍റുകളില്‍ സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. അടുക്കളയുടെ ശുചിത്വവും പാചകം ചെയ്യുന്ന രീതിയുമുള്‍പ്പെടെ ഉപഭോക്താവ് ശ്രദ്ധിക്കുന്നുവെന്നത് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉടമകളെ നിര്‍ബന്ധിതരാക്കുമെന്നാണ് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ വിലയിരുത്തല്‍. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പുറമെ അടുക്കളയുടെ ചുമര്‍, സുതാര്യമായ ഗ്‌ളാസ് കൊണ്ടു നിര്‍മിച്ചതാകണമെന്നും ഭക്ഷണം എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് ഉപഭോതാക്കള്‍ക്ക് കാണാനാകണമെന്നും നിര്‍ദേശമുണ്ട്.

പാചകയിടങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ആരോഗ്യരംഗത്തും ഗുണം ചെയ്യും. ക്യാമറകള്‍ സ്ഥാപിക്കുമെങ്കിലും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന നിര്‍ത്തേണ്ടതില്ലെന്നും ക്യാമറയുടെ സാന്നിധ്യം പരിശോധകര്‍ക്ക് ജോലി എളുപ്പമാക്കുമെന്നും കന്ദരി വ്യക്തമാക്കി.

Lets socialize : Share via Whatsapp