പ്രോക്‌സി വോട്ടിംഗ് ഇത്തവണയുമില്ല; വോട്ട് ചെയ്യാന്‍ പ്രവാസികള്‍ മണ്ഡലങ്ങളില്‍ എത്തേണ്ടി വരും

by General | 20-02-2019 | 728 views

മസ്‌ക്കറ്റ്: പ്രോക്‌സി വോട്ട് സമ്പ്രദായം വരുന്ന പാര്‍ലമെന്‍റ് തെരെഞ്ഞടുപ്പില്‍ പ്രാബല്യത്തില്‍ വരാത്തതില്‍ പ്രവാസികള്‍ നിരാശയില്‍. ലോക്‌സഭയില്‍ പാസാക്കിയ ജനപ്രാതിനിധ്യ ബില്‍, രാജ്യസഭയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് നടപ്പിലാക്കുവാന്‍ സാധിക്കാതെ പോകുന്നത്.

ഇതോടെ ഈ തെരഞ്ഞെടുപ്പിലും പ്രവാസികള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി വോട്ടു രേഖപ്പെടുത്തേണ്ടി വരും. 31 ദശലക്ഷത്തോളം വരുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ പ്രോക്‌സി വോട്ടുമായി ബന്ധപെട്ട ജനപ്രാതിനിധ്യ ബില്‍ 2018 ഓഗസ്റ്റില്‍ ലോക്‌സഭയില്‍ പാസായതാണ്.

എന്നാല്‍, രാജ്യസഭയില്‍ ജനുവരി 31-ന് ആരംഭിച്ച് ഫെബ്രുവരി 13-ന് അവസാനിച്ച ബജറ്റ് സമ്മേളനത്തില്‍ ജനപ്രാതിനിധ്യ ബില്‍ ചര്‍ച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രോക്‌സി വോട്ടിനു ഉള്ള സഭയുടെ അംഗീകാരം നഷ്ടമാവുകയായിരുന്നു. 2013-ല്‍ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ പ്രോക്‌സി വോട്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട പൊതു താല്പര്യ ഹര്‍ജിയിന്‍മേല്‍ തീരുമാനമെടുക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അംഗീകാരത്തിനായി വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണയും അതുണ്ടായില്ല. അതിനാല്‍ ഈ വരുന്ന ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ സ്വന്തം മണ്ഡലങ്ങളില്‍ നേരിട്ട് എത്തി വോട്ട് ചെയ്യുവാന്‍ മാത്രമേ പ്രവാസികള്‍ക്ക് സാധിക്കൂ.

Lets socialize : Share via Whatsapp