ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ അപകടം; ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു

by Sharjah | 18-02-2019 | 954 views

ഷാര്‍ജ: വിനോദയാത്രയ്ക്കെത്തിയ ദമ്പതികള്‍ ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബഹന്‍ വിനോദ്ഭായ് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഷാര്‍ജയില്‍ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം. രോഹിണി സംഭവസ്ഥലത്തു തന്നെ മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍ ഹൃദയസ്തംഭനത്തിലാണ് വിനോദ് മരിക്കുന്നത്.

കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനായി ഈ മാസം എട്ടിനാണ് ഇവര്‍ യുഎഇ-യിലെത്തിയത്. ആദ്യമായാണ് ഇവര്‍ യുഎഇ സന്ദര്‍ശിക്കുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ചികില്‍സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. യാത്രയ്ക്കിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞതായി ഷാര്‍ജ പോലിസ് അറിയിച്ചു. സ്വകാര്യ ടൂര്‍ കമ്പനിയുടെ കീഴിലാണ് ഇവര്‍ വിനോദയാത്രയ്ക്കെത്തിയത്.

Lets socialize : Share via Whatsapp