ഫിഫ റാങ്കിങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാമത്

by Sports | 09-02-2019 | 1321 views

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ കിരീട നേട്ടത്തോടെ ഫിഫ ലോക റാങ്കിങ്ങില്‍ ഖത്തറിനു വലിയ മുന്നേറ്റം. ഇന്നലെ പുറത്തിറക്കിയ റാങ്കിങ് പട്ടിക പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം റാങ്ക് ഖത്തറിനാണ്. ലോക റാങ്കിങ്ങില്‍ 55ാം സ്ഥാനവും ഏഷ്യന്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവും ഖത്തറിനുണ്ട്. പുതിയ പട്ടിക പ്രകാരം റാങ്കിങ്ങില്‍ 38 സ്ഥാനങ്ങള്‍ മുന്നേറിയാണ് ഖത്തറിന്‍റെ നേട്ടം. ഫിഫ റാങ്കിങ്ങില്‍ ഖത്തറിന്‍റെ ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ 5-നുള്ളില്‍ ഇവര്‍ എത്തുന്നത് ആദ്യമായിട്ടാണ്. 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് തയാറെടുക്കുന്ന ഖത്തറിന് ആവേശം പകരുന്നതാണ് റാങ്കിങ്ങിലെ മുന്നേറ്റം.

ഈ സീസണില്‍ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഖത്തറാണ്. 140 പോയിന്‍റുകളാണ് ഖത്തര്‍ നേടിയത് ഒപ്പം, 38 റാങ്കുകളും കയറി. ഏഷ്യന്‍ കപ്പില്‍ ഫൈനലിസ്റ്റുകളായ ജപ്പാന്‍ ഇത്തവണ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27ാം റാങ്കിലെത്തി ഇറാന്‍ (22ാം റാങ്ക്) ദക്ഷിണ കൊറിയ (38) യുഎഇ (67) ഇറാഖ് (80) ഉസ്ബെക്കിസ്ഥാന്‍ (89) ജോര്‍ദാന്‍ (97) എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് മുന്നേറ്റമുണ്ടാക്കിയത്.

ഏഷ്യയില്‍ നിന്ന് 4 രാജ്യങ്ങളാണ് ഇത്തവണ ആദ്യ 50 റാങ്കുകള്‍ക്കുള്ളില്‍ ഇടം നേടിയത്. അതേ സമയം, ആദ്യ 20 സ്ഥാനങ്ങളില്‍ മാറ്റമില്ല. ബെല്‍ജിയം, ഫ്രാന്‍സ്, ബ്രസീല്‍, ക്രൊയേഷ്യ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഏഷ്യന്‍ കപ്പില്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ കഴിയാതിരുന്ന ഇന്ത്യ റാങ്കിങ്ങില്‍ 6 സ്ഥാനങ്ങള്‍ പിന്നാക്കം പോയി, 103ാം റാങ്കിലെത്തി.

Lets socialize : Share via Whatsapp