ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്‍റെ കൃത്യമായ അറിവോടെ; റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭ

by International | 08-02-2019 | 497 views

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്‍റെ കൃത്യമായ അറിവോടെയും ഗൂഢാലോചനയുടെയും ഭാഗമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്‍റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലാണ് അധികാരികളുടെ പങ്ക് വ്യക്തമായത്. ഒപ്പം സൗദി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഖഷോഗ്ജി വധത്തില്‍ തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗനാണ് യു.എന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

പിന്നാലെ ആഗ്‌നെസ് കല്ലമര്‍ദിന്‍റെ നേതൃത്വത്തില്‍ യു.എന്‍ നടത്തിയ അന്വേഷണം കൊലപാതകത്തില്‍ സൗദി ഉന്നതാധികാരികളുടെ പങ്ക് തെളിയിക്കുന്നത് കൂടിയായിരുന്നു. തുര്‍ക്കി സമര്‍പ്പിച്ച ഓഡിയോ ടേപ്പുകളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് രാജ്യാന്തര നിലവാരം ഉണ്ടായിരുന്നെന്നും ആഗ്‌നെസ് പറഞ്ഞു. മൂന്നംഗ സംഘത്തിനൊപ്പം ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ആഗ്‌നെസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച്‌ കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് 11 പേര്‍ സൗദിയില്‍ അന്വേഷണം നേരിടുകയാണ്.

Lets socialize : Share via Whatsapp