ഷാര്‍ജയിലെ അക്ഷര പ്രേമികള്‍ക്ക് ചേതന്‍ ഭഗതുമായി സംവദിക്കാന്‍ അവസരം

by Sharjah | 31-01-2019 | 945 views

ഷാര്‍ജ : രാജ്യാന്തര പുസ്തകമേളയിലെ ശ്രദ്ധേയമായ സാന്നിധ്യത്തിനു ശേഷം ചേതന്‍ ഭഗത് വീണ്ടും ഷാര്‍ജയിലെത്തുന്നു. അവനവന്‍റെ അഭിരുചികളോട് യോജിക്കുന്ന തൊഴില്‍ എങ്ങനെ കണ്ടെത്താം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ആശയവിനിമയം നടത്താനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമാണ് ഇത്തവണയെത്തുന്നത്. അതോടൊപ്പം സാഹിത്യലോകത്തെക്കുറിച്ചും തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ വച്ച് നടക്കുന്ന കരിയര്‍ ജേര്‍ണി എന്ന വിദ്യാഭ്യാസ മേളയിലാണ് ചേതന്‍ ഭഗത് പങ്കെടുക്കുക.

ഐഐടി, ഐഐഎം എന്നീ മുന്‍നിര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് യോഗ്യതകള്‍ നേടിയതിനു ശേഷം ബാങ്കിങ് മേഖലയിലായിരുന്നു ചേതന്‍ ഭഗത് ജോലി ചെയ്തിരുന്നത്. ഇത് ഉപേക്ഷിച്ചായിരുന്നു സാഹിത്യലോകത്തേക്കുള്ള കടന്നുവരവ്. തീരുമാനം തെറ്റായില്ല, രാജ്യം കണ്ട ഏറ്റവും പോപ്പുലര്‍ എഴുത്തുകാരുടെ പട്ടികയിലേക്ക് ചേതന്‍ ഭഗതിന്‍റെ പേരും ചേര്‍ക്കപ്പെട്ടു. ഇന്ത്യയിലെ മധ്യവര്‍ഗ ജീവിതങ്ങളെ ആസ്പദമാക്കി അദ്ദേഹമെഴുതിയ നോവലുകളെല്ലാം ബെസ്റ്റ് സെല്ലറുകളായിരുന്നു. അതില്‍ പലതും ബോളിവുഡ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ ചലചിത്രങ്ങളുമായി.

ജോലി ഉപേക്ഷിച്ച് സ്വപ്നത്തെ പിന്തുടര്‍ന്നപ്പോഴുണ്ടായ പ്രതിസന്ധികളും വിജയത്തിലേക്കെത്താനായി കടന്നുപോയ വഴികളെക്കുറിച്ചുമെല്ലാം ചേതന്‍ ഭഗത് വിദ്യാര്‍ഥികളുമായി സംവദിക്കും. വായനയുടെ പ്രാധാന്യം, അടിസ്ഥാന വിദ്യഭ്യാസഘട്ടത്തിന്‍റെ കാലത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട നിരീക്ഷണങ്ങള്‍, ജോലിയും താത്പര്യങ്ങളും ഒരുമിച്ചു കൊണ്ടുപോവേണ്ടതെങ്ങനെ എന്നു തുടങ്ങി നിരവധി വിഷയങ്ങള്‍ ചേതന്‍ ഭഗതില്‍ നിന്നു നേരിട്ടു കേള്‍ക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരമുണ്ടാവും.

ചേതന്‍ ഭഗതിന്‍റെ പുതിയ പുസ്തകമായ ഗേള്‍ ഇന്‍ റൂം 105 എന്ന പുസ്തകം എഴുത്തുകാരന്‍റെ കയ്യൊപ്പോടു കൂടി കൈപ്പറ്റാനുള്ള അവസരവുമുണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യാന്തര തലത്തില്‍ പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരും സെലിബ്രിറ്റികളും പങ്കെടുക്കുന്ന കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ മേള ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ വച്ചാണ് നടക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 7256074, 056 2168341 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

Lets socialize : Share via Whatsapp