കുവൈത്തിൽ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ നീക്കം

by International | 22-01-2019 | 570 views

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ സർക്കാർ നീക്കം. ആദ്യ തവണ 70 ദിനാറും പിന്നീട് ഒരു വർഷത്തേക്ക് പുതുക്കുന്നതിന് 20 ദിനാറുമായി ഫീസ് വർധിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. വർക്ക് പെർമിറ്റ് മാറ്റത്തിനും ഫീസ് ഉയരും.

മാൻപവർ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിന് നിലവിൽ 60 ദിനാറാണ് ഫീസ്. ഇത് 70 ദിനാറായും ഒരു വർഷത്തേക്ക് പുതുക്കുന്നതിന് നിലവിൽ പത്തു ദിനാർ ഈടാക്കുന്നത് 20 ദിനാർ ആയും വർധിപ്പിക്കാനാണ് മാൻപവർ അതോറിറ്റി ആലോചിക്കുന്നത്.

തൊഴിലിടം മാറുന്നതിന്‍റെ ഭാഗമായി വർക്ക് പെർമിറ്റ് മാറ്റുന്നതിന് ആദ്യ തവണ 100 ദീനാർ ഫീസ് നൽകേണ്ടി വരും. പിന്നീടുള്ള ഓരോ മാറ്റത്തിനും 100 ദിനാർ വീതം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശികൾ സമർപ്പിക്കുന്ന വർക്ക് പെർമിറ്റ് അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതും പരിഗണനയിൽ ഉണ്ട്.

അപേക്ഷകൾ ടൈപ് ചെയ്യുമ്പോൾ തൊഴിലാളികളിൽ നിന്നുണ്ടായ തെറ്റുകൾ തിരുത്തുന്നതിനാണ് ഫീസ് ഏർപ്പെടുത്തുക. വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ പിഴവുകൾക്ക് ഫീസ് ഈടാക്കില്ല. 

Lets socialize : Share via Whatsapp