തൊഴിലിടങ്ങളില്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കി സൗദി അറേബ്യ

by International | 22-01-2019 | 526 views

തൊഴിലിടങ്ങളില്‍ കൂടുതല്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കി സൗദി അറേബ്യ. വനിതകള്‍ക്ക് ജോലിയില്‍ കൂടുതല്‍ സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാക്കുന്ന തരത്തില്‍ പരിഷ്‌കരിച്ച നിയമാവലി തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. വേതന വ്യവസ്ഥയില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ടാവരുതെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായാണ് പരിഷ്‌കരിച്ച നിയമാവലി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ടത്. സ്ത്രീ ജോലിക്കാര്‍ക്ക് അനുകൂലമായ അന്തരീക്ഷം തൊഴിലുടമ ഒരുക്കണം. അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായി നടപടി എടുക്കാന്‍ തൊഴിലുടമക്ക് അധികാരമില്ല.

ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ സ്ഥലം, ആരാധനയ്ക്കുള്ള സൗകര്യം, ശുചിമുറി, പരിശീലന കേന്ദ്രം തുടങ്ങിയവ പ്രത്യേകമായൊരുക്കണം. സ്ത്രീകള്‍ക്ക് മാത്രമായുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊഴികെ ശുചീകരണം, ബാഗ് ചുമക്കല്‍ പോലുള്ള ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്‍ മാത്രം ജോലിചെയ്യുന്നിടത്ത് ഒറ്റക്ക് ഒരു വനിതയെ ജോലിക്കായി നിയമിക്കരുത്. സ്ത്രീകള്‍ക്ക് അപകടം വരുത്തുന്ന ജോലികളിലും അവരെ നിയമിക്കാന്‍ അനുവാദമില്ല. രാത്രി 11 മണി വരെ മാത്രമേ പരമാവധി ജോലി സമയം നല്‍കാവൂ. വ്യവസായ മേഖലകളില്‍ ഇത് 6 മണിവരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ആശുപത്രി പോലുള്ള അനിവാര്യമായ സ്ഥലങ്ങളില്‍ പ്രത്യേകം സുരക്ഷ ഒരുക്കി സ്ത്രീകള്‍ക്ക് രാത്രിയും ജോലി ചെയ്യാം. മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പ്രത്യേകം ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തി സ്ത്രീകളെ രാത്രി ജോലിക്കു വെയ്ക്കുന്നതിന് വിലക്കില്ലെന്നും പുതിയ നിയമാവലിയില്‍ പറയുന്നു. സ്ത്രീ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാനുള്ള പ്രചോദനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Lets socialize : Share via Whatsapp