
ദുബായ് : വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിന്റെ ഭാഗമായി, മികച്ച വെളിച്ച സംവിധാനവും രാത്രികാല സുരക്ഷയും ഒരുക്കി, ദുബായ് മുനിസിപ്പാലിറ്റി ആളുകളെ ബീച്ചിലേയ്ക്ക് ക്ഷണിക്കുന്നു. സന്ദര്‍ശകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് രാത്രികാല നീന്തലിന് ദുബായ് ബീച്ചുകളില്‍ സംവിധാനമൊരുക്കിയാണ് മുനിസിപ്പാലിറ്റിയുടെ ഈ ക്ഷണം.
ദുബായില്‍ ആഘോഷത്തിന് എത്തുന്നവര്‍ക്ക് വേണ്ട വിനോദത്തിനായി പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി എന്നും മുന്‍പന്തിയിലാണ്. പുതിയ സംവിധാനത്തോട് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും , നിരവധി ആളുകള്‍ കുടുംബ സമേതം രാത്രി കാല സ്വിമ്മിങ്ങിനായി ബീച്ചുകളില്‍ എത്തുന്നതായും ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയരക്ടര്‍ ആലിയ അല്‍ ഹാര്മോദി വ്യക്തമാക്കി.
സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് റെസ്ക്യു അടക്കമുള്ള സംവിധാനവും രാത്രികാലങ്ങളില്‍ ഇവിടെ തയ്യാറാണെങ്കില്‍ കൂടിയും കുട്ടികളുമായി എത്തുന്നവര്‍ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ച് അപകടങ്ങളിലേയ്ക്കു എടുത്ത് ചാടരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനോട് പൊതു ജനങ്ങളില്‍ നിന്നുമുള്ള മികച്ച പ്രതികരണമാണ് ‘നൈറ്റ് സ്വിമ്മിംഗ് മംസാര്‍’ കൂടുതല്‍ ബീച്ചുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാന്‍ മുനിസിപ്പാലിറ്റിയെ പ്രേരിപ്പിച്ചത്.