.jpg)
റിയാദ് : ജനുവരി 1, 2019 മുതല്‍ എ .ടി.എം കാര്‍ഡുകളില്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേയ്ക്ക് മാറണമെന്ന വ്യവസ്ഥ നിലവില്‍ വരുന്നതോടെ നാട്ടില്‍ എ ടി എം കാര്‍ഡുകള്‍ ബന്ധുക്കള്‍ക്ക് പണമിടപാട് നടത്തുന്നതിന് വേണ്ടി നല്കിയ പ്രവാസികള്‍ പലരും ബുദ്ധിമുട്ടിലാകും. ഇടപാടുകാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമം ആര് ബി ഐ യുടെ കര്‍ശന നിര്‍ദ്ദേശത്തോടെ നടപ്പിലാക്കുന്നതെങ്കിലും ആണ്ടിലൊരിക്കല്‍ അവധിക്കു പോകുന്ന പ്രവാസികള്‍ പലര്‍ക്കും പുതിയ കാര്‍ഡ് കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇത് നാട്ടില്‍ ഹോസ്റ്റലുകളിലും മറ്റും മക്കളെ പഠിപ്പിക്കുന്ന പല പ്രവാസികള്‍ക്കും വിനയാകും.
പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിലും മറ്റുമുള്ള കോളേജുകളിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ എ ടി എം വഴിയാണ് പണം പിന്‍വലിക്കുന്നത്. ക്യാംപസുകളില്‍ അടക്കം അതിനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. പ്രവാസലോകത്ത് നിന്ന് എന്‍ ആര് ഐ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം മാസാമാസം നാട്ടില്‍ എ ടി എം വഴി എടുക്കുകയാണ് ചെയ്യുന്നത്. പുതിയ ചിപ്പ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മാറ്റി കൊടുക്കുന്നുണ്ടെങ്കിലും അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കു മാത്രമേ അത് കൈപ്പറ്റാന്‍ കഴിയുകയുള്ളൂ. അത് കൊണ്ട് തന്നെ ഇവ മാറാന്‍ പല പ്രവാസികള്‍ക്കും ഇതുവരെയും ആയിട്ടില്ല.
റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നടപ്പിലാവുകയാണെങ്കില്‍ നാളെ മുതല്‍ പഴയ കാര്‍ഡില്‍ എ.ടി.എം വഴി പണം ആര്‍ക്കും പിന്‍വലിക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രവാസി സമൂഹത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ള കാര്യം ബാങ്കുകാര്‍ക്കും കൃത്യമായ ഉത്തരമില്ല. കാര്‍ഡ് മാറ്റിയെടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും തുടര്‍ന്നും പഴയ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന് എസ് ബി ഐ യുടെ ചില പ്രാദേശിക ഓഫീസുകള്‍ പറയുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്ക് അനുവദിക്കാതെ പഴയ കാര്‍ഡുകള്‍ എങ്ങിനെ ഉപയോഗിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരവുമില്ല.
അത് കൊണ്ട് തന്നെ പ്രവാസികള്‍ക്ക് മാത്രമായിട്ടെങ്കിലും ഇക്കാര്യത്തില്‍ സമയ പരിധി നീട്ടാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രവാസ ലോകത്തുള്ളവരുടെ അഭ്യര്‍ഥന.
മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്. 2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്കി വരുന്നത്. തട്ടിപ്പ് തടയുകയാണ് പുതിയ കാര്‍ഡുകളുടെ പ്രധാന ലക്ഷ്യെമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍. ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. സമയം നീട്ടിനല്‍കുമെന്ന് ഇതുവരെ അറിയിപ്പൊന്നും ലഭ്യമായിട്ടില്ല. ഇതിനിടയില്‍ ഇന്നും സംസ്ഥാനത്തെ ചില എ ടി എം മെഷിന് വഴി പഴയ കാര്‍ഡ് ഉപയോഗിച്ച പണം പിന്‍വലിച്ചിട്ടുണ്ട്.