.jpg)
മനാമ: യു.എ.ഇ.യ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ ബഹ്റൈനിലും മൂല്യ വര്‍ധിത നികുതി (വാറ്റ് ) ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ആദ്യപടിയെന്ന നിലയില്‍ അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. ഏതാനും അവശ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നിത്യോപയോഗത്തിലുള്ള നിരവധി സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടിവരും. പ്രത്യേകിച്ച് വാഹനങ്ങള്‍, സ്വര്‍ണ്ണം, ഇലക്ട്രോണിക്സ് തുടങ്ങിയവയ്ക്ക് വില വര്‍ദ്ധനയുണ്ടാകും.
ബാങ്കുകളും ടെലികോം കമ്പനികളും മറ്റും തങ്ങളുടെ ഇടപാടുകാര്‍ക്ക് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എം.എസ് അയച്ചിരുന്നു. പ്രവാസികളേയും ആകെ ചിന്താകുഴപ്പത്തിലാക്കിയിരിക്കുകയാണ് പുതിയ സംവിധാനം. നിലവില്‍ ജല, വൈദ്യുതി ബില്ലുകള്‍ താങ്ങാവുന്നതിലേറെയാണെന്നിരിക്കെ മൂല്യ വര്‍ധിത നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ കുടുംബമായി കഴിയുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. തന്നെയല്ല, ഇതനുസരിച്ച് ശമ്പള വ൪ദ്ധനയുണ്ടാകുന്നില്ലയെന്നതും സാധാരണക്കാരെ വിഷമ സന്ധിയിലാക്കിയിരിക്കുകയാണ്.
അതേസമയം വാറ്റിന്റെ പരിധിയില്‍ വരാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയേര്പ്പെടുത്തുകയോ മറ്റേതെങ്കിലും തരത്തിലോ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹ്റൈന്‍ വ്യവസായ, വാണിജ്യ വകുപ്പുമന്ത്രി സെയ്യദ് അല്‍സയാനി മുന്നറിയിപ്പു നല്കി.