പുതുവത്സരത്തെ വരവേല്‍ക്കാന്‍ അവസാന ഒരുക്കങ്ങളിലേയ്ക്ക് ഷാര്‍ജ

by Sharjah | 29-12-2018 | 809 views

ഷാര്‍ജ: പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണ നക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടി.

പ്രത്യേകമായി തീര്‍ത്ത 16 അലങ്കാര നൗകകളില്‍ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അല്‍ മജാസിന്‍റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാര്‍ജ ഫൗണ്ടേഷന്‍റെ പ്രത്യേക പ്രദര്‍ശനവും പുതുവത്സരാഘോഷത്തിന് മാറ്റുകൂട്ടും.

അല്‍ നൂര്‍ ദ്വീപ്, അല്‍ കസബ, ഫ്ലാഗ് ഐലന്‍ഡ്, കോര്‍ണീഷ് എന്നിവടങ്ങളിലെല്ലാം ആളുകള്‍ക്ക് അല്‍ മജാസില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ സാധിക്കും. പോയവര്‍ഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുതുവര്‍ഷം ആഘോഷിക്കാനായി നൂറുകണക്കിന് സന്ദര്‍ശകരാണ് ഷാര്‍ജ അല്‍ മജാസില്‍ എത്തിയതെന്ന് അല്‍ മജാസിന്‍റെ വാട്ടര്‍ ഫ്രണ്‍ഡ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറഞ്ഞു. അടുത്തമാസം 15-വരെ നീളുന്ന ശൈത്യകാല ആഘോഷവും അല്‍ മജാസില്‍ ആരംഭിച്ചു കഴിഞ്ഞു. നിരവധി പ്രദര്‍ശനങ്ങളും മത്സരങ്ങളുമുള്ള ശൈത്യകാല ആഘോഷത്തില്‍ പങ്കെടുക്കാനായി നേരത്തെ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

വിവരങ്ങള്‍ക്ക് ഫോണ്‍: 065 5117011.

Lets socialize : Share via Whatsapp