ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ കപ്പൽപ്പാത

by Travel | 27-12-2018 | 857 views

ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ കപ്പൽപ്പാത രണ്ടാഴ്ച്ചക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും. ആദ്യ യാത്രക്കൊരുങ്ങി ആഡംബര ക്രൂയിസ് കപ്പല്‍ ദോഹ തുറമുഖത്ത് നിലയുറപ്പിച്ചു. കടല്‍ വഴിയുള്ള കച്ചവടവും ഉപജീവനമാര്‍ഗവുമാണ് ഖത്തറിന്‍റെ ഗതകാല ചരിത്രം. പുതിയ സാഹചര്യത്തില്‍ ഖത്തറിന്‍റെ നേതൃത്വത്തില്‍ ആ കടല്‍പ്പാത വീണ്ടും തുറക്കുകയാണ്. ഖത്തറിലെ ഫൈസല്‍ മുഹമ്മദ് അല്‍ സുലൈത്തിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ 870 യാത്രക്കാരെയും 670 കാറുകളെയും വഹിക്കാന്‍ ശേഷിയുള്ളതാണ്.

ആദ്യ ഘട്ടത്തില്‍ ഒമാനെയും കുവൈത്തിനെയുമാണ് ബന്ധിപ്പിക്കുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഇറാനെയും കൂടി പുതിയ പാതയില്‍ ഉള്‍പ്പെടുത്തും. ഉപരോധം വന്നതിന് ശേഷം വാഹനങ്ങളുള്‍പ്പെടെയുള്ള വസ്തുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ വിഷമിക്കുന്ന കുവൈത്ത് ഒമാനി സ്വദേശികള്‍ക്ക് ആശ്വാസകരമാണ് പുതിയ കപ്പല്‍പാത. 237 റൂമുകളുള്ള കപ്പലില്‍ സിനിമ തിയറ്റര്‍, മീറ്റിങ് റൂം, റസ്റ്റോറന്‍റുകള്‍, ആശുപത്രികള്‍ തുടങ്ങി സൌകര്യങ്ങളുണ്ട്. സുരക്ഷാബോട്ടുകളും അത്യാവശ്യഘട്ടത്തില്‍ ഹെലികോപ്ട്ടര്‍ ഇറക്കാനുള്ള ഹെലിപ്പാഡും കപ്പലിലുണ്ട്. രണ്ടാഴ്ച്ചക്കകം കപ്പല്‍ ദോഹ ഹമദ് തുറമുഖത്ത് നിന്നും പുറപ്പെടും

Lets socialize : Share via Whatsapp