യുഎഇ ശിശു സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി; പ്രവാസികളുടെ മക്കള്‍ക്കും ബാധകം

by General | 27-12-2018 | 665 views

അബുദാബി: 2016-ലെ ശിശു സംരക്ഷണ നിയമത്തില്‍ യുഎഇ ക്യാബിനറ്റ് സുപ്രധാന ഭേദഗതികള്‍ കൊണ്ടുവന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് തീരുമാനം കഴിഞ്ഞ ദിവസം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇ-യുടെ ഔദ്ദ്യോഗിക ഗസറ്റിലും ഭേദഗതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ തൊഴില്‍, പരിശീലനം, തൊഴില്‍ സാഹചര്യങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള അവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി ക്രമം, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കുള്ള നിബന്ധനകള്‍,  കുട്ടികളെ ദത്തെടുക്കുന്ന  കുടുംബങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങിയവയൊക്കെ പുതിയ ഭേദഗതിയിലുണ്ട്. 15 വയസില്‍ താഴെയുള്ള കുട്ടികളെ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല. അതിന് മുകളിലുള്ള കുട്ടികള്‍ക്ക് ജോലി നല്‍കുന്നതിന് പ്രത്യേക അപേക്ഷ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ സാമൂഹിക വികസന മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും ശ്രദ്ധാപൂര്‍വം പഠിച്ചശേഷമേ അനുമതി നല്‍കാവൂ. കുട്ടികളെ ജോലിക്ക് നിയോഗിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയും നിര്‍ബന്ധമാണ്.

സ്വന്തം അച്ഛനും മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എട്ട് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി 'വദീമ'യുടെ പേരിലാണ് യുഎഇയിലെ ശിശുസംരക്ഷണ നിയമം അറിയപ്പെടുന്നത്. 2012ലായിരുന്നു രാജ്യം നടുങ്ങിയ ഈ കൊലപാതകം നടന്നത്. യുഎഇ പൗരന്മാരുടെയും ഇവിടെ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെയും കുട്ടികള്‍ക്ക് നിയമം ഒരുപോലെ ബാധകമാണ്. 

Lets socialize : Share via Whatsapp