സൗദിയില്‍ പതിനഞ്ചാമത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

by Business | 27-12-2018 | 815 views

റിയാദ്: ലുലു ഗ്രൂപ്പിന്‍റെ 158 -ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിനടുത്തുള്ള അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ഖര്‍ജ് ഗവര്‍ണര്‍ മുസാബ് അബ്ദുള്ള അല്‍ മാദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അല്‍ ഖര്‍ജ് നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരു ലക്ഷത്തി പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സുഖകരമായ ഷോപ്പിംഗ് അനുഭവത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.

സൗദി അറേബ്യയില്‍ വിവിധ പ്രദേശങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ച്‌ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. സൗദിയിലെ പതിനഞ്ചാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണിത്. മൂന്ന് മാസത്തിനുള്ളില്‍ ദമാം, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. കൂടാതെ സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡ് ക്യാമ്പുകളിലെ 3 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഭരണാധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയില്‍ നന്ദിയുണ്ടെന്നും യൂസഫലി പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം സ്വദേശികള്‍ക്ക് സൗദിയില്‍ ഇതിനകം തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 2020 അവസാനമാകുമ്പോള്‍ സ്വദേശികളുടെ എണ്ണം അയ്യായിരം ആക്കാനാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിചേര്‍ത്തു.

ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, സിഒഒ. സലിം വി. ഐ, ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു .

Lets socialize : Share via Whatsapp