ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ 26 മുതല്‍

by Business | 20-12-2018 | 809 views

ദുബായ്: സിറ്റി ഓഫ് ഗോള്‍ഡ് എന്ന പേരില്‍ പ്രശസ്തമായ ദുബായിയുടെ വാര്‍ഷിക വ്യാപാര മാമാങ്കമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 26-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടുവരെ നീളുന്നതാണ് ആഘോഷം.

ദുബായ് സ്വര്‍ണ വ്യവസായ മേഖലയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) ദുബായ് ഫെസ്റ്റിവെല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റുമായി ചേര്‍ന്നു കൊണ്ടാണ് 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ പ്രഖ്യാപിച്ചത്. വജ്ര- സ്വര്‍ണാഭരണങ്ങളുടെ ഇരട്ടസമ്മാന പദ്ധതികളാണ് ഫെസ്റ്റിവലിന്‍റെ ഈ വര്‍ഷത്തെ സവിശേഷത. 32 കിലോ സ്വര്‍ണം, ഒട്ടേറെ സ്വര്‍ണക്കട്ടികള്‍, അഞ്ച് ബി.എം.ഡബ്‌ള്യു ലക്ഷ്വറി കാറുകള്‍, 65 ഇഞ്ചിന്‍റെ ആറ് സാംസങ് ടി.വി എന്നിവ സമ്മാന പദ്ധതിയിലൂടെ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ നല്‍കും. 142 വിജയികളെയാണ് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്.

ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന മുന്നൂറോളം ജ്യൂവലറികളിലെ ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന രണ്ടു സമ്മാനപദ്ധതികളിലൂടെ സമ്മാനം നേടാനായി എല്ലാവര്‍ക്കും മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ തവ്ഹിദ് അബ്ദുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൂവലറി വില്‍പ്പനയെ ത്വരിതപ്പെടുത്താനും ഊര്‍ജസ്വലമാക്കാനും വേണ്ടി വ്യത്യസ്തവും നവീനവുമായ രണ്ടു സമ്മാനപദ്ധതികളാണ് ഇക്കുറി ഗ്രൂപ്പ് അണിയിച്ചൊരുക്കുന്നത്. ഓരോ അഞ്ഞൂറു ദിര്‍ഹത്തിന്‍റെ സ്വര്‍ണാഭരണത്തിനും ലഭ്യമാവുന്ന നറുക്കെടുപ്പ് കൂപ്പണിലൂടെ ആകെ 32 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും.

ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ദിവസവും നാലു വിജയികളെ കാത്തിരിക്കുന്നത് ദിവസവും 250 ഗ്രാം സ്വര്‍ണം വീതം. ഫെബ്രുവരി രണ്ടിന് നടക്കുന്ന അവസാന നറുക്കെടുപ്പിലെ ഒരു ഭാഗ്യശാലിക്ക് ഒരു കിലോ സ്വര്‍ണവും ലഭിക്കും.

ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെയുള്ള ആറ് വിജയികള്‍ക്ക് 100 ഗ്രാം വീതം ഗോള്‍ഡ് ബാറുകളും ആറ് വിജയികള്‍ക്ക് സാംസങ് ടി.വിയും സമ്മാനമായി ലഭിക്കും. ചുരുങ്ങിയത് 500 ദിര്‍ഹത്തിന് വജ്രാഭരണം വാങ്ങിക്കുന്ന ഭാഗ്യശാലികളെ ജനുവരി 5, 12, 19, 26, ഫെബ്രുവരി രണ്ട് എന്നീ തീയതികളില്‍ നടക്കുന്ന നറുക്കെടുപ്പുകളിലെ ജേതാക്കള്‍ക്ക് ബി.എം.ഡബ്ള്യു കാറുകളാണ് സമ്മാനം.

ദുബായ് ഫെസ്റ്റിവെല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് സി.ഇ.ഒ അഹ്മദ് അല്‍ ഖാജ, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് ബോര്‍ഡ് മെംബറും ഡി.സി.ടി.സി.എം ചെയര്‍ പേഴ്സണ്‍ (മാര്‍ക്കറ്റിങ് സി.ഇ.ഒ., സ്ട്രാറ്റജിക് അലൈന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് സെക്ടര്‍) ലൈലാ സുഹൈല്‍, റാഫിള്‍ ആന്‍ഡ് പ്രൊമോഷന്‍സ് ഡയറക്ടര്‍ അബ്ദുള്ള ഹസ്സന്‍ അല്‍ അമീറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മാനപദ്ധതികളുടെ പ്രഖ്യാപനം.

ദുബായ് സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളില്‍ ഒന്നായ ചെറുകിട സ്വര്‍ണ വ്യാപാരത്തില്‍ ദിനേനയുള്ള സ്വര്‍ണ നറുക്കെടുപ്പും ആഴ്ചതോറുമുള്ള വജ്ര നറുക്കെടുപ്പും മികച്ച പ്രതികരണം ഉണ്ടാക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്ന് ലൈലാ സുഹൈല്‍ പറഞ്ഞു. പങ്കെടുക്കുന്ന മാളുകള്‍, നറുക്കെടുപ്പ് ദിവസങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും http://www.dubaictiyof gold.com  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ടോമി ജോസഫും സംബന്ധിച്ചു.

Lets socialize : Share via Whatsapp