.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ജയിലുകളിലായി പത്ത് ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോര്‍ട്ട്. വിവിധ കേസുകളിലായി 498 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ അവസാനം വരെയുള്ളതാണ് കണക്ക്. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരേയും കൂടാതെയുള്ള കണക്കുകളാണ് പുറത്തുവന്നത്. അക്രമം, സാമ്പത്തിക കുറ്റകൃത്യം, ലഹരി മരുന്ന് കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും.
സുലൈബിയ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിയില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യയ്ക്കാരായുള്ളത്. വനിതകളില്‍ ഒരാള്‍ മലയാളിയാണ്. ആകെയുള്ള 498 ഇന്ത്യക്കാരില്‍ എട്ടുപേര്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ജീവപര്യന്തം, പത്തുവര്‍ഷം,അഞ്ചുവര്‍ഷം, എന്നിങ്ങനെ ശിക്ഷയനുഭവിക്കുന്നവരാണ് അധികവും. എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തില്‍ അമീരി ശിക്ഷയിളവ് നല്‍കാറുണ്ട്. ഈ പ്രതീക്ഷയിലാണ് ജയിലില്‍ ഉള്ള ഇന്ത്യക്കാരടക്കമുള്ള തടവുകാര്‍.