.jpg)
റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധനയ്ക്ക് വിധേയമാക്കില്ലെന്ന സന്ദേശമാണ് സൗദി മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകരിച്ച ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ലെവി ഉള്‍പ്പെടെ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ സമ്പദ് ഘടനയ്ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകുമെന്ന് ധനമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.
വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, ആശ്രിത വിസയിലുള്ളവരുടെ ലെവി എന്നിവ പുനഃപരിശോധിക്കുമെന്ന് ബ്ളൂം ബെര്‍ഗ് വാര്‍ത്താ ഏജന്‍സി നേരത്തേ സൗദി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ 2017-ല്‍ നിലവില്‍ വന്ന ലെവിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. മാസം 200 റിയാല്‍ (ഏകദേശം 3746 രൂപ) ആയിരുന്ന ലെവി ഈ വര്‍ഷം 400 ആയി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം 600 റിയാലായും 2020-ല്‍ 800 റിയാലായും ഉയര്‍ത്താനാണ് തീരുമാനം.
സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനും ലെവി ഇടയാക്കുമെന്ന് വിലയിരുത്തുന്നു. തുടര്‍ച്ചയായ ആറാം വര്‍ഷവും സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. സന്തുലിത ബജറ്റ് അവതരിപ്പിക്കുന്നതുവരെ ലെവി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടരാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.