ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് സംബന്ധിച്ച്‌ ഫിഫയുടെ പുതിയ തീരുമാനം

by Sports | 16-12-2018 | 1481 views

ഖത്തര്‍ : ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം സംബന്ധിച്ച്‌ ഫിഫ. ഖത്തറില്‍ 2022-ലാണ് അടുത്ത ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ഖത്തറില്‍ ഫുട്ബോള്‍ ഉരുണ്ട് തുടങ്ങുമ്പോള്‍ അതിന് പിന്നാലെ ഓടുന്ന ടീമുകളുടെ എണ്ണം 32 എന്നതില്‍ നിന്നും 48 ആയി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഫിഫ. ലോകകപ്പ് ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നത് കഴിഞ്ഞ വര്‍ഷം തന്നെ ഫിഫ തീരുമാനിച്ച കാര്യമാണെങ്കില്‍ ഇത് 2026-ല്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഒരു ലോകകപ്പ് മുന്‍പെ എറിയാനാണ് ഫിഫയുടെ നീക്കങ്ങള്‍. ടീമുകളുടെ എണ്ണം 48 ആയി 2022-ല്‍ തന്നെ ഉയര്‍ത്താനാണ് ആലോചനയെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ വ്യക്തമാക്കി. അംഗങ്ങളുടെയും, ഫെഡറേഷനുകളുടെയും നിലപാടുകള്‍ സ്വരൂപിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അനുകൂല നിലപാടാണ് സ്വീകരിച്ചത്, ഇന്‍ഫാന്‍റിനോ പറഞ്ഞു.

16 അധിക ടീമുകള്‍ ലോകകപ്പിന് എത്തുമ്പോള്‍ അത്രയും തന്നെ രാജ്യങ്ങളില്‍ ആരാധകര്‍ ആഘോഷത്തിലാകും. ഇതിന് പുറമെ 50, 60 രാജ്യങ്ങളെങ്കിലും ലോകകപ്പ് യോഗ്യതയ്ക്കായി സ്വപ്നം കാണും. എത്രത്തോളം പ്രാവര്‍ത്തികമാണെന്നത് മറ്റൊരു ചോദ്യമാണ്, ഫിഫ പ്രസിഡന്‍റ് വ്യക്തമാക്കി. മാര്‍ച്ചില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

Lets socialize : Share via Whatsapp