ആരോഗ്യ പരിരക്ഷാ കേന്ദ്രം ദുബായ് ടാക്സി ഡ്രൈവര്‍മാര്‍ക്കും

by General | 16-07-2017 | 821 views

ദുബായ് : സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള  തിടുക്കം കാട്ടുന്ന ഡ്രൈവര്‍മാര്‍ക്കായി ദുബായ് ടാക്സി കോര്‍പറേഷന്‍ (ഡി.ടി.സി.), ആരോഗ്യ പരിരക്ഷാ കേന്ദ്രം സജ്ജീകരിക്കുന്നു. ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാനുള്ള സംവിധാനങ്ങളും വിദഗ്ദ ഡോക്ടര്‍മാരും ഇവിടെയുണ്ടാകും. അടിയന്തിര വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഉടന്‍ തന്നെ അടുത്തുള്ള വലിയ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ആധുനിക സൗകാര്യത്തോട് കൂടിയ ആംബുലന്‍സും തയ്യാറാക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ രാത്രി 11 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയായിരിക്കും പ്രവര്‍ത്തനം നടത്തുന്നത്. ദുബായ് ആരോഗ്യ അതോറിറ്റി ഡി.എച്ച്.എ. യുമായി ബന്ധിക്കുന്ന ഹോട്ട് ലൈനും ക്ലിനിക്കിലുണ്ടാകുമെന്ന് ഡി.ടി.സി. യുടെ സി.ഇ.ഒ., ഡോ. യുസഫ് മുഹമ്മദ്‌ അല്‍ അലി അറിയിച്ചു.

 

 

 

Lets socialize : Share via Whatsapp