ഒപെക്കില്‍ നിന്നുള്ള ഖത്തറിന്‍റെ പിന്മാറ്റം... എണ്ണവിലയില്‍ പ്രതിഫലനമുണ്ടാക്കില്ല

by Business | 04-12-2018 | 1021 views

ദോഹ: എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്‍റെ സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഘടനയില്‍ നിന്ന് ഖത്തര്‍ അപ്രതീക്ഷിതമായി പിന്‍മാറിയതായി പ്രഖ്യാപനം നടത്തിയത്. 1961 മുതലുള്ള 57 വര്‍ഷം നീണ്ട ഒപെക് ബന്ധമാണ് ഖത്തര്‍ ഇപ്പോള്‍ ഉപേക്ഷിക്കുന്നത്. എന്നാല്‍, ഒപെക്കില്‍ നിന്നുള്ള ഖത്തറിന്‍റെ പിന്മാറ്റം ആഗോളതലത്തില്‍ എണ്ണ വിലയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഒപെക് അംഗരാജ്യങ്ങളില്‍ താരതമ്യേന കുറവ് എണ്ണയുത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഖത്തറിന്‍റെ പിന്മാറ്റം എണ്ണയുത്പാദനത്തെയും കയറ്റുമതിയെയും കാര്യമായി ബാധിക്കുകയോ ഇന്ധനവിലവര്‍ധനയ്ക്ക് കാരണമാകുകയോ ഇല്ല. ഭീകരവാദത്തെയും ഇറാനെയും സഹായിക്കുന്നുവെന്നാരോപിച്ച് മറ്റ് ഗള്‍ഫ്‌ രാജ്യങ്ങള്‍ ഖത്തറിന് മേലേര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കേയാണ് ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള ഖത്തറിന്‍റെ തീരുമാനം.

 

Lets socialize : Share via Whatsapp