ഇത്തരമൊരു ഗതി പ്രവാസികള്‍ക്ക് വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിക്കാം....മലയാളിയടക്കം 15 പേര്‍ മാസങ്ങളായി ഷാര്‍ജ പാര്‍ക്കില്‍ ദുരിതത്തില്‍

by Sharjah | 30-11-2018 | 747 views

ഷാര്‍ജ : മലയാളിയടക്കം പതിനഞ്ചോളം പേര്‍ ഷാര്‍ജ പാര്‍ക്കില്‍ ദുരിതത്തില്‍. പൊതുമാപ്പില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ വഴിയില്ലാതെ അലയുന്നവരാണ് ഇവര്‍. വര്‍ക്കല സ്വദേശി ഹസന്‍ (40), ഹൈദരാബാദ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സ്വദേശികള്‍, ഒരു നേപ്പാളുകാരന്‍ എന്നിവരാണ് മാസങ്ങളായി വെയിലും തണുപ്പും സഹിച്ച്, കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ റോള സൗദി പള്ളിക്കടുത്തെ പാര്‍ക്കില്‍ രാത്രിയും പകലും കഴിച്ചുകൂട്ടുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴ നനഞ്ഞ പലര്‍ക്കും അസുഖം ബാധിച്ചു. പാര്‍ക്കില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ ഇവര്‍ ദിവസങ്ങളായി രാത്രി ശരിക്ക് ഉറങ്ങിയിട്ടില്ല.

ഇവരില്‍ മിക്കവരും മാസങ്ങള്‍ക്ക് മുന്‍പേ സന്ദര്‍ശക വിസയില്‍ യുഎഇ-യിലെത്തിയവരാണ്. ഏജന്‍റിന് വന്‍തുക നല്‍കി എത്തി വിവിധ കമ്പനികളില്‍ മാസങ്ങളോളം ജോലി ചെയ്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അവിടെ നിന്ന് പാര്‍ക്കില്‍ അഭയം തേടിയവരാണ് മിക്കവരും. പാസ്‌പോര്‍ട്ടും കോപ്പിയും കൈയിലുണ്ടായിരുന്ന ആറു പേര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ ചെന്ന് ഔട് പാസ് സ്വന്തമാക്കി. പക്ഷേ, വിമാന ടിക്കറ്റിന് പണമില്ലാതെ ഇവിടെ തന്നെ ബാക്കിയായി. അഞ്ചു പേര്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ഡിസംബര്‍ ആറു വരെ സമയമുണ്ട്. ചിലര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ അടയ്ക്കാനുള്ള 300 ദിര്‍ഹം ഇല്ലാത്തതിനാല്‍ കുടുങ്ങിക്കിടക്കുന്നു. നേപ്പാള്‍ സ്വദേശിയുടെ കൈയില്‍ പാസ്‌പോര്‍ട്ട് കോപ്പി പോലുമില്ല. അനധികൃത താമസക്കാര്‍ക്ക് പിഴയൊടുക്കാതെ സ്വന്തം രാജ്യത്തേയ്ക്ക് പോകാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെ, ആരെങ്കിലും ഇന്നോ നാളെയോ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

വര്‍ക്കല സ്വദേശിയായ ഹസന്‍ കഴിഞ്ഞ മേയിലാണ് സന്ദര്‍ശക വിസയില്‍ തൊഴില്‍ തേടി യുഎഇ-യിലെത്തിയത്. മൂന്ന് മാസത്തോളം ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു. എന്നാല്‍ നയാ പൈസ ശമ്പളയിനത്തില്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. മറ്റു പലയിടത്തും ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട്, ഷാര്‍ജ പാര്‍ക്കില്‍ അഭയം തേടുകയായിരുന്നു. കടം വാങ്ങിയ പണം കൊണ്ടാണ് സന്ദര്‍ശക വിസ സ്വന്തമാക്കിയത്. അതു വീട്ടാതെ തിരിച്ചുപോകാന്‍ തോന്നിയില്ല. എന്നാലിപ്പോള്‍, എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് തിരിച്ചുപോയാല്‍ മതിയെന്നായി. അതിന് ആരെങ്കിലും വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നു.

സന്ദര്‍ശക വിസയിലെത്തി ജോലിയില്ലാതെ അലഞ്ഞ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെയ്ഖ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. 16 മാസം മുന്‍പാണ് ഇയാള്‍ യുഎഇ-യിലെത്തിയതെന്ന് കൈയിലുള്ള വിസാ പകര്‍പ്പില്‍ നിന്ന് മനസിലാക്കുന്നു. എന്നാല്‍, തന്നെ കൊണ്ടുവന്ന ഏജന്‍റുമാരെക്കുറിച്ചോ മറ്റോ യാതൊന്നും ഇയാളിപ്പോള്‍ ഓര്‍ക്കുന്നില്ല. പകല്‍നേരം എവിടെയൊക്കെയോ അലഞ്ഞു നടന്ന് രാത്രി പാര്‍ക്കില്‍ വന്ന് കിടക്കുന്ന ഇയാള്‍ പലപ്പോഴും ഒരു നേരം പോലും ഭക്ഷണം കഴിക്കുന്നില്ലെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

പാര്‍ക്കിലെത്തുന്നവരോ വഴി പോക്കരോ എന്തെങ്കിലും വാങ്ങിച്ചു നല്‍കുന്നത് മാത്രമാണ് ഇവരുടെ ഭക്ഷണം. പലരും ശരിക്ക് ഭക്ഷണം കഴിക്കാതെ ആരോഗ്യം ശോഷിച്ച് രോഗ ബാധിതരായിരിക്കുന്നു. പലതും ആലോചിച്ച് പാര്‍ക്കില്‍ തന്നെ രാപ്പകലുകള്‍ കഴിച്ചുകൂട്ടുന്നവരാണ് മിക്കവരും. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചെന്ന് കാര്യം ധരിപ്പിക്കാന്‍ യാത്രാ ചെലവിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണം. പൊതുമാപ്പിന് അപേക്ഷിക്കുകയും എന്നാല്‍, ഫീസടയ്ക്കാനും വിമാന ടിക്കറ്റിനും പണമില്ലാത്തതിനാല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത ഇവരെ സഹായിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നോട്ട് വരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

Lets socialize : Share via Whatsapp