സൗദിയുടെ എണ്ണയുത്പാദനം സര്‍വകാല റെക്കോര്‍ഡിലേക്ക്

by Business | 28-11-2018 | 717 views

ആഗോള വിപണിയിലേക്ക് സൗദി നല്‍കുന്ന ക്രൂഡ് ഓയിലിന്‍റെ അളവ് സര്‍വകാല റെക്കോര്‍ഡില്‍. പ്രതിദിനം പതിനൊന്ന് ലക്ഷം ബാരലാണ് സൗദി വിതരണം ചെയ്യുന്നത്. എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ അളവാണിത്. അപ്രതീക്ഷിത അളവിലാണ് ആഗോള എണ്ണ വിപണിയിലേക്ക് സൗദി എണ്ണയൊഴുക്കുന്നത്.

ഈ മാസം തുടക്കത്തില്‍ പ്രതി ദിനം 10.9 ബാരലായിരുന്നു എണ്ണ വിതരണം. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ എണ്ണ വിതരണം ഇപ്പോള്‍ കുത്തനെ കൂട്ടി. ഒന്ന്, ഇറാനെതിരായ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ വിതരണാവശ്യം. രണ്ട്, എണ്ണ വില കുറയ്ക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ അഭ്യര്‍ഥന. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു.

സൗദിയുടെ വിതരണം കൂടിയതും വില ഇനിയും കുറച്ചേക്കും. അടുത്ത മാസം ആറിന് വിയന്നയില്‍ എണ്ണോത്പാദക കൂട്ടായ്മയായ ഒപെകിന്‍റെ യോഗം ചേരും. ഈ വര്‍ഷവും ഉത്പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണ് സൗദി. പക്ഷേ പുതിയ സാഹചര്യം ചര്‍ച്ചയാകുമെന്നാണ് സൂചന.

Lets socialize : Share via Whatsapp