.jpg)
റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സന്തോഷവാര്‍ത്ത ഉടനുണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജി. 2019 ജനുവരി മുതല്‍ ആശ്രിതര്‍ക്കുള്ള കൂടിയ ലെവി നിലവില്‍ വരുന്നതിന്റെ തൊട്ടു മുമ്പുള്ള മന്ത്രിയുടെ അറിയിപ്പ് വലിയ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. സ്കൂള്‍ ഫീസ് പോലും അടക്കാനാകാതെ പ്രവാസി കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ലെവിയില്‍ ഇളവ് വരുത്തുമോ, പൂര്‍ണ്ണമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുടുംബ ലെവിയുടെ കാര്യത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വിപണിയില്‍ വലിയ ഉണര്‍വുണ്ടാക്കും. ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് പല കുടുംബങ്ങളും. എന്നാല്‍ ലെവിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായാല്‍ പലരും സൗദിയില്‍ തന്നെ തുടരും. അങ്ങനെ സംഭവിച്ചാല്‍ വിപണിയിലുണ്ടാകുന്ന ചലനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് സ്വദേശി സംരംഭകര്‍.
വിദേശി കുടുംബങ്ങള്‍ മടങ്ങാതെ സൗദിയില്‍ തന്നെ തുടര്‍ന്നാല്‍ തൊഴില്‍ രംഗത്തുള്ള പ്രതിസന്ധിക്കും ഒരു പരിധിവരെ പരിഹാരമാകും. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ചെറുകിട കച്ചവടക്കാര്‍ക്കും ഇത് ആശ്വാസമാകും.