കുവൈറ്റ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിച്ച സ്ഥാപനങ്ങളെ നിരോധിച്ചു

by International | 22-11-2018 | 565 views

കുവൈറ്റ് സിറ്റി: പ്രളയത്തില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കുവൈറ്റ് ഭരണകൂടം നടപടി തുടങ്ങി. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമായാല്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി പ്രവര്‍ത്തിക്കാനാവൂ. അതുവരെ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനോ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താനോ സാധിക്കില്ല.

കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രളയത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും അതിന് ഉത്തരവാദികളായവരെയും പരാമര്‍ശിച്ച് തയ്യാറാക്കിയ രണ്ട് പാര്‍ലമെന്‍ററി റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും അതുവരെ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സാമൂഹിക ക്ഷേമ- തൊഴില്‍ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹിന്‍റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു.

Lets socialize : Share via Whatsapp