.jpg)
ദുബായ്: സാങ്കേതിക മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് ദുബായില്‍ ഫ്രീലാന്‍സായി ജോലിചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇത്തരക്കാര്‍ക്ക് പുതിയ ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അറിയിച്ചു. 7,500 ദിര്‍ഹമാണ് പെര്‍മിറ്റിന്റെ വാര്‍ഷിക ഫീസ്. പെര്‍മിറ്റ് എടുക്കുന്നയാള്‍ക്ക് ബിസിനസ് സെന്റര്‍ ഉപയോഗിക്കാനുള്ള അനുവാദവും ലഭിക്കും. യു.എ.ഇ-ക്ക് പുറത്തുള്ളവരും രാജ്യത്ത് താമസ വിസയില്ലാത്തവരുമാണ് അപേക്ഷകരെങ്കില്‍, അവര്‍ക്ക് വിസ ലഭിക്കാന്‍ വേണ്ട സഹായവും നിര്‍ദേശങ്ങളും നല്‍കും. എന്നാല്‍ വിസയുടെ ചെലവുകള്‍ ഫീസില്‍ ഉള്‍പ്പെടില്ല.
വെബ്, മൊബൈല്‍, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ആര്കിടെക്ചര്, ഐ.ടി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ സാങ്കേതിക മേഖലകളിലെ ജീവനക്കാര്‍ക്ക് ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാം. പെര്മിറ്റുള്ളവര്ക്ക് ഇന്റര്‍നെറ്റ് സിറ്റിയിലെ കമ്പനികള്‍ക്ക് വേണ്ടി ഫ്രീലാന്‍സ് ആയി ജോലി ചെയ്യാം. ഇതിനായി പാര്‍ട്ട് ടൈം തൊഴില്‍ കരാര്‍ ഉണ്ടാക്കണം. കരാറിന്റെ അടിസ്ഥാനത്തിലാകും വേതനം നിശ്ചയിക്കുന്നത്. ഇത് നടപ്പാകുന്നതോടെ കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാന്‍ കഴിയും. നിലവില്‍ ജോലിയുള്ളവര്‍ക്കും ഫ്രീലാന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാം.
എന്നാല്‍ ഇവര്‍ തൊഴിലുടമയുടെയോ സ്പോണ്‍സറുടെയോ എതിര്‍പ്പില്ലാ രേഖ ഹാജരാക്കേണ്ടി വരും. ഫ്രീലാന്‍സ് പെര്‍മിറ്റ് ലഭിക്കാനുള്ള നടപടികളും ലളിതമാണ്. വിസ-പാസ്പോര്‍ട്ട് പകര്‍പ്പുകള്‍, ഫോട്ടോ, എന്‍.ഒ.സി. തുടങ്ങിയ രേഖകള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം.