.jpg)
കുവൈത്തില്‍ വ്യാഴാഴ്ച ച വൈകുന്നേരം മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ച സാമാന്യം ശക്തമായ മഴ തന്നെ പ്രതീക്ഷിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷികനായ അബ്ദുല്‍ അസീസ് അല്‍ ഖറാവി പറഞ്ഞു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും അടിച്ചുവീശാനിടയുണ്ട്. ഇതുമൂലം തിരമാലകള്‍ ഏഴ് അടി വരെ ഉയര്‍ന്നേക്കാം.
കാഴ്ച പരിധി കുറയുന്നത് മൂലം തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും അബ്ദുല്‍ അസീസ് അല്‍ഖറാവി പറഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൃത്യമായി പ്രവചിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
അതിനിടെ കഴിഞ്ഞ ആഴ്ച പെയ്ത മഴയില്‍ രാജ്യത്തെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപക നാശം സംഭവിച്ച പശ്ചാത്തലത്തില്‍ ഗുണമേന്മയില്ലാത്ത റോഡും കെട്ടിടവും പണിത കമ്പനികള്‍ക്കും എന്‍ജിനിയറിങ് ഓഫിസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ബന്ധപ്പെട്ട സമിതിയുടെ പരിശോധനയില്‍ ഇവര്‍ കുറ്റമുക്തരാണെന്ന് കണ്ടെത്തുന്നതുവരെ പുതിയ ഒരു പദ്ധതികളിലും ഇത്തരം കമ്പനികളെയും എന്ജിനീയര്മാരെയും പങ്കാളികളാകേണ്ടെന്നാണ് തീരുമാനം.