
ഷാര്‍ജ: അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പ്രദര്‍ശനം എക്സ്പോഷര്‍ 2018 ഷാര്‍ജയില്‍ തുടങ്ങി. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഷാര്‍ജ ഭരണാധികാരി ഗാലറികള്‍ സന്ദര്‍ശിച്ചു. പ്രമുഖ അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റായ ഡേവിഡ് ബര്ണട്ടും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
പുതിയ കാലത്തിന്റെ ഭാഷയാണ് ചിത്രങ്ങളെന്നും വലിയ കഥകള്‍ പോലും ഒറ്റചിത്രത്തിലൂടെ മനസ്സിലാവുംവിധം സംവദിക്കാന്‍ ചിത്രങ്ങള്‍ക്ക് കഴിയുമെന്നും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
'പ്രചോദനപരമായ നിമിഷങ്ങള്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന മേള ശനിയാഴ്ച സമാപിക്കും. ഷാര്‍ജ എക്സ്പോ സെന്ററിലൊരുങ്ങിയിരിക്കുന്ന 34 ഗാലറികളിലായി ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ 700-ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ 90 ഫോട്ടോഗ്രാഫര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അമച്വര്‍ ഫോട്ടോ ഗ്രാഫര്‍മാര്‍, കമ്പനികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.