ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്‍റെ പേരില്‍ സൗദി ഭരണകൂടത്തെ കൈവിടില്ല; ഡൊണാള്‍ഡ് ട്രംപ്

by International | 22-11-2018 | 345 views

വാഷിങ്ടന്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്‍റെ പേരില്‍ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. സൗദി അറേബ്യയുമായി തന്ത്രപരമായ സഖ്യം നിലനിര്‍ത്തുകയും ആഗോള എണ്ണവില പിടിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത് അമേരിക്കയുടെ പ്രഥമ താല്‍പര്യമാണെന്ന് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അറിവോടെയാകാം ഖഷോഗി വധിക്കപ്പെട്ടതെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്ന ഭരണ-പ്രതിപക്ഷ സമ്മര്‍ദം തള്ളിയാണ് ട്രംപ് സൗദി അനുകൂല നിലപാട് പരസ്യമാക്കിയത്. സൗദിയുമായുള്ള സൈനിക കരാര്‍ റദ്ദാക്കില്ലെന്നും യുഎസ് പിന്‍മാറിയാല്‍ റഷ്യയും ചൈനയും മുതലാക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പ്രഥമ പരിഗണന അമേരിക്കയുടെ സമ്പദ്ഘടനയ്ക്കാണ്. സൗദി അറേബ്യ യുഎസിന്‍റെ ഉറച്ച പങ്കാളിയായി തുടരുമെന്നും ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്‍റെ മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാറെദ് കഷ്നര്‍ക്ക് സൗദി കിരീടാവകാശിയുമായി അടുത്ത ബന്ധമാണുള്ളത്.

ഒക്ടോബര്‍ 2-ന് ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ ഖഷോഗി വധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, 17 സൗദി പൗരന്‍മാര്‍ക്ക് യു.എസ് കഴിഞ്ഞയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Lets socialize : Share via Whatsapp