അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു; അവസാന മണിക്കൂറില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി

by Travel | 14-11-2018 | 586 views

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ സര്‍വീസിനുള്ള ടിക്കറ്റുകള്‍ 55 മിനിറ്റിനകം വിറ്റു തീര്‍ന്നു. ഡിസംബര്‍ 9-ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ടിക്കറ്റുകളാണ് ചെറിയ സമയത്തിനകം തന്നെ തീര്‍ന്നത്. കൂത്തുപറമ്പ് സ്വദേശി കെ.പി.കെ. ഷെരീഫിനാണ് ആദ്യ ടിക്കറ്റ് ലഭിച്ചത്. കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ ശ്യാം സുന്ദറിന്‍റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രാടിക്കറ്റ് വില്‍പ്പന 670 ദിര്‍ഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്.

ഒട്ടേറെപ്പേര്‍ ടിക്കറ്റിനായി വെബ്സൈറ്റില്‍ എത്തിയതോടെ പെട്ടെന്നു തന്നെ വില പടിപടിയായി ഉയര്‍ന്നു. ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അവസാന ടിക്കറ്റ് 2,470 ദിര്‍ഹത്തിനാണ് (49,000 രൂപയിലേറെ) വിറ്റുപോയത്. കണ്ണൂരില്‍ നിന്ന് കാലത്ത് പുറപ്പെടേണ്ട ഉദ്ഘാടന സര്‍വീസിലെ ടിക്കറ്റിനും പിടിവലിയായിരുന്നു. പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച വില്‍പ്പന അവസാനം 34,000 രൂപയിലാണ് നിന്നത്. എന്നാല്‍ യു.എ.ഇ-യിലേക്കുള്ള പ്രിയം ദോഹ, റിയാദ് സര്‍വീസുകള്‍ക്ക് ഉണ്ടായില്ല.

അതേസമയം ആറ് ഗള്‍ഫ് റൂട്ടുകളിലേക്ക് ഡി.ജി.സി.എ കണ്ണൂരില്‍ നിന്ന് അനുമതി നല്‍കിയതനുസരിച്ച് സര്‍വീസ് നടത്താന്‍ വിമാനമില്ലാത്തത് കാരണം അവസാന മണിക്കൂറില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി. ഉദ്ഘാടന ദിവസം കണ്ണൂരില്‍ നിന്ന് അബൂദബിയിലേക്കും റിയാദിലേക്കും തിരിച്ചും സര്‍വിസ് ഉണ്ടാവും. ഡിസംബര്‍ പത്ത് മുതല്‍ ദോഹ സര്‍വീസും ആരംഭിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നിശ്ചയിച്ചിരുന്ന ദുബൈ, ഷാര്‍ജ റൂട്ടില്‍ യഥാക്രമം ജനുവരി, ഫെബ്രുവരി മാസങ്ങളിലേ വിമാനം ലഭ്യമാവുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ കിയാലിനെ അറിയിച്ചു.

ഉദ്ഘാടനത്തിന്‍റെ പിറ്റേന്ന് മുതല്‍ തുടങ്ങേണ്ട മസ്‌കത്ത് സര്‍വിസ് അനിശ്ചിതമായി നീട്ടി. പകരം മസ്‌കത്ത് സര്‍വിസിന് അനുവദിച്ചു കിട്ടിയ നാല് ദിവസം (തിങ്കള്‍,ബുധന്‍, വെള്ളി,ശനി) ഷാര്‍ജ റൂട്ടില്‍ സര്‍വീസ് തുടങ്ങാനുള്ള നീക്കമുണ്ട്. പുതുക്കിയ സ്ലോട്ട് അനുമതി ഡി.ജി.സി.എ-യില്‍ നിന്ന് വീണ്ടും നേടേണ്ടിവരും. ഉദ്ഘാടന ദിവസം രാവിലെ പത്തിന് ആദ്യവിമാനം അബൂദബിയിലേക്ക് പുറപ്പെടും. 11-ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അബൂദബി സമയം 12.30-ന് അവിടെയെത്തും. അബൂദബിയില്‍ നിന്ന് ഡിസംബര്‍ ഒമ്പതിന് 13.30-ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള ആദ്യ യാത്രക്കാരുടെ വിമാനം രാത്രി ഏഴിന് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്ന് റിയാദിലേക്കുള്ള ആദ്യവിമാനം ഉദ്ഘാടന ദിവസം രാത്രി 9.05-ന് പുറപ്പെട്ട് റിയാദില്‍ 23.30-ന് എത്തും. റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യവിമാനം രാത്രി 12.35-ന് പുറപ്പെട്ട് രാവിലെ എട്ടിന് കണ്ണൂരിലെത്തും. ഉദ്ഘാടനത്തിന്‍റെ പിറ്റേന്ന് രണ്ട് സര്‍വീസേ ഉണ്ടാവുകയുള്ളു. കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് രാത്രി 8.30-നും ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് രാത്രി 11-നും.

Lets socialize : Share via Whatsapp