
കുവൈറ്റ് സിറ്റി; കുവൈറ്റ് ഓയില്‍ കയറ്റുമതി രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമാകുന്ന ലൈറ്റ് ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് ഇന്നലെ ആരംഭം കുറിച്ചു. രാജ്യത്ത് നിന്നുള്ള ആദ്യഷിപ്മെന്റിന് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ഫ്ലാഗ് ഓഫ് നടത്തിയത്. അന്തരാഷ്ട്ര എണ്ണ വിപണിയില്‍ വലിയ രീതിയിലുള്ള മാറ്റത്തിന് കാരണമാകും കുവൈറ്റിന്റെ ഈ രംഗത്തെ കാല്‍വെപ്പ്.
താരതമ്യേന വലിയ തോതിലുള്ള സംസ്കരണ പ്രക്രിയ ആവശ്യമുള്ള ഹെവി ഓയിലാണ് കുവൈറ്റില്‍ നിന്നും കയറ്റുമതി നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഈയടുത്ത കാലത്താണ് ലൈറ്റ് ക്രൂഡ് ഓയില്‍ കണ്ടെത്തുന്നതും ഖനന നടപടികള്‍ ആരംഭിച്ചതും. ലൈറ്റ് ക്രൂഡ് ഓയിലില്‍ നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉല്‍പ്പനങ്ങള്‍ വളരെ വേഗത്തില്‍ സംസ്കരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഉത്പാദന ചിലവ് കുറഞ്ഞ ലൈറ്റ് ക്രൂഡ് കയറ്റുമതി വന്‍തോതില്‍ സാധ്യമാകുന്നതോടെ കുവൈറ്റിന്റെ സമ്പദ്ഘടനയിലും ഇത് ഗുണപരമായി പ്രതിഫലിക്കും. ആദ്യ ഷിപ്മെന്റ് ചടങ്ങില്‍ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, എണ്ണ മന്ത്രി ബഖീത് അല്‍ റാഷിദി, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക് അല്‍-ഖാനിം, കുവൈത്ത് ഓയില്‍ കമ്പനി സിഇഒ ജമാല്‍ ജാഫര്‍ എന്നിവരും പങ്കെടുത്തു.