ജനജീവിത്തെ ദുസ്സഹമാക്കി കുവൈത്തിലെ കനത്ത മഴ തുടരുന്നു...ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രിയുടെ രാജി

by International | 10-11-2018 | 407 views

കുവൈറ്റ് സിറ്റി: വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി തോരാതെ പെയ്ത കനത്ത മഴയില്‍ കുവൈറ്റിലെ സാധാരണ ജീവിതം താറുമാറായി. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഇടിയും മിന്നലോടും കൂടി ആരംഭിച്ച മഴ വെള്ളിയാഴ്ച രാത്രിയോളം തോരാതെ പെയ്യുകയായിരുന്നു. ജനങ്ങള്‍ക്ക് ഉണ്ടായ പ്രയാസത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് -മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഹൊസാം അല്‍-റൌമി രാജിവെച്ചു.

മഴയെ തുടര്‍ന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി. പല സ്ഥലങ്ങളിലും ഡ്രൈനേജ് സംവിധാനം താറുമാറായി. പല റോഡുകളിലും വാഹന ഗതാതവും തടസ്സപ്പെട്ടിട്ടുണ്ട്. ഫഹഹീല്‍ എക്‌സ്പ്രസ്സ് വേ, അഹമദി ഹൈവേ തുടങ്ങിയ പ്രധാന ഹൈവേകളില്‍ അവധി ദിനമായതിനാല്‍ താരതമ്യേന വാഹനങ്ങള്‍ നിരത്തില്‍ കുറവായിരുന്നിട്ടു പോലും മണിക്കൂറുകളോളം ഗതാഗതം നിശ്ചലമായി. നിരവധി പ്രദേശങ്ങളില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി.

കുവൈറ്റ് പോലീസ്, ഫയര്‍ സര്‍വീസ് വിഭാഗം, നാഷണല്‍ ഗാര്‍ഡ് തുടങ്ങി രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികളും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി. സ്വദേശി വീടുകളില്‍ പലതിലും വെള്ളം കയറി. ഫഹഹീല്‍, മംഗഫ്, സബാ അല്‍-അഹമദ്, സബാ അല്‍-നാസര്‍, വഫ്ര, ഖുറൈന്‍, നുവൈസീബ്, തുടങ്ങി പ്രദേശങ്ങള്‍ മണിക്കൂറുകളോളം വെള്ളത്താല്‍ ചുറ്റപ്പെട്ടു. വാഹനങ്ങള്‍ വളരെ കരുതലോടു കൂടി ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആവശ്യക്കാരല്ലാത്തവര്‍ വാഹനവുമായി റോഡില്‍ ഇറങ്ങരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിന്‍റെ സഹായം ആവശ്യമെങ്കില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഴക്കെടുതിയില്‍ ഫഹഹീലില്‍ ഈജിപ്ഷ്യന്‍ സ്വദേശി മരിച്ചു. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വെള്ളം കയറിയാണ് മരിച്ചത്. കെട്ടിടത്തിന്‍റെ ബേസ് മെന്‍റില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പ്രദേശത്ത് കനത്ത ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് അഗ്‌നി ശമന രക്ഷാ വിഭാഗം സ്ഥലത്ത് എത്താനും ഏറെ വൈകി.

Lets socialize : Share via Whatsapp