ഒമാനില്‍ ടാക്സികളുടെ സേവനം വിപുലീകരിക്കുന്നു; ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധം

by Travel | 08-11-2018 | 754 views

മസ്‌കറ്റ്: ഒമാനില്‍ പുതിയ ഗതാഗത നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ടാക്സി സര്‍വീസുകളുടെ സേവനം വിപുലീകരിക്കുന്നു. ടാക്സികളില്‍ ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഗതാഗത മന്ത്രാലയം ആദ്യ നടപടി ആരംഭിക്കുന്നത്. 2019 ജൂണ്‍ മാസം മുതല്‍ മസ്‌കറ്റ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടാക്സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കും. ഇത് അനുസരിച്ച് മിനിമം ചാര്‍ജ് 300 പൈസയും പിന്നീട് കിലോമീറ്ററിന് 130 പൈസ നിരക്കില്‍ യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക. ഒരു യാത്രക്കാരന്‍ മീറ്റര്‍ സംവിധാനം ഉള്ള ടാക്സിയില്‍ യാത്ര ചെയ്യുന്നപക്ഷം മറ്റൊരു യാത്രക്കാരനെ ടാക്സിയില്‍ അനുവദിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിഷ്‌ക്കരിച്ച് നിയമം ലക്ഷ്യമിടുന്നത് രാജ്യത്ത് ടാക്സി സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗതമന്ത്രാലയം നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും പരിശോധനയും റോയല്‍ ഒമാന്‍ പൊലീസ് തന്നെ തുടരും.

സ്വദേശികള്‍ക്കായി മാത്രം വേര്‍തിരിച്ചിരിക്കുന്ന ടാക്സി സര്‍വീസ് മേഖല ഇതോടുകൂടി കൂടുതല്‍ നിയന്ത്രണവിധേയമാകും. ടാക്സി ഉടമകള്‍ പതിനഞ്ചു ഒമാനി റിയാല്‍ മന്ത്രാലയത്തില്‍ അടച്ച് പ്രവര്‍ത്തന കാര്‍ഡും കരസ്ഥമാക്കിയിരിക്കണം. വിദേശികള്‍ കൈകാര്യം ചെയ്യുന്ന എല്ലാ അനധികൃത ടാക്സി, ഗതാഗത സേവനങ്ങളും പുതിയ നിയമം അനുസരിച്ച് നിരോധിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp