ബി.ആര്‍.ഷെട്ടിയുമായി സഹകരിച്ച് പതാഞ്ജലി ഗള്‍ഫിലേക്ക്

by Business | 01-11-2018 | 1539 views

അബുദാബി: മധ്യപൂര്‍േവഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണിയെ ലക്ഷ്യമാക്കി പ്രവാസി വ്യവസായി ഡോ. ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയും (അഡ്വോക്) ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ പതാഞ്ജലിയും കൈകോര്‍ക്കുന്നു. പതാഞ്ജലി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ച് ഉപഭോക്താക്കളിലെത്തിക്കാനാണ് ഭക്ഷ്യഎണ്ണ ഉത്പാദകരായ അഡ്വോക് ലക്ഷ്യമിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍, കോണ്‍ ഓയില്‍, കനോല ഓയില്‍ എന്നിങ്ങനെ പ്രധാന പാചക എണ്ണകള്‍ 750 മില്ലി, 1.8 ലിറ്റര്‍, അഞ്ച് ലിറ്റര്‍ അളവുകളില്‍ പതാഞ്ജലിയുടെ ബ്രാന്‍ഡില്‍ ഈ മാസം മുതല്‍ ലഭ്യമാകും. അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷ്യ എണ്ണകള്‍ മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്കുക വഴി ഗള്‍ഫില്‍ പതാഞ്ജലി പുതിയ അധ്യായം തുറക്കുകയാണെന്ന് പതാഞ്ജലി സഹസ്ഥാപകനും യോഗാ ഗുരുവുമായ ബാബാ രാംദേവ് പറഞ്ഞു.

അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയുമായുള്ള സഹകരണം ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉറപ്പുവരുത്താന്‍ പതാഞ്ജലിയെ സഹായിക്കുന്നെന്ന് ഇന്‍റര്‍നാഷണല്‍ ബിസിനസ് ഹെഡ് ഡോ. ഡി.കെ. മേഹ്ത്ത അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ പതാഞ്ജലിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഡ്വോകിന് ഏറെ സന്തോഷമുണ്ടെന്നും എല്ലായ്പ്പോഴും ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ പതാഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബി.ആര്‍.എസ്. വെഞ്ച്വര്‍സിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍. ഷെട്ടി അഭിപ്രായപ്പെട്ടു.

Lets socialize : Share via Whatsapp