.jpg)
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വിദ്യാഭ്യാസം, വോട്ടവകാശം, വിമാനയാത്ര, തൊഴില്‍ സുരക്ഷ എന്നീ കാര്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ദോഹയില്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സുഷമ വ്യക്തമാക്കി.
''ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ കൊള്ള നടത്തുന്നത് നേരത്തെ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പരിഹാര നടപടികള്‍ക്കായി ശ്രമം നടത്തും. പ്രവാസികള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടന്‍ നടപ്പിലാക്കും. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ചെയ്യാവുന്ന തരത്തില്‍ പ്രോക്സി വോട്ടിനാണ് സാദ്ധ്യത'- സുഷമാ സ്വരാജ് പറഞ്ഞു.
ഖത്തറില്‍ കഴിയുന്ന ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് ആരാധന സൗകര്യത്തിനും മൃതദേഹം സംസ്കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന് ഖത്തര്‍ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ അപേക്ഷിച്ചതായും സുഷമ വ്യക്തമാക്കി. രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം സുഷമ സ്വരാജ് കുവൈത്തിലേക്ക് തിരിക്കും.