ഖഷോഗിക്ക് വേണ്ടി ശബ്ദമുയര്‍ത്തി കാമുകി ഹാറ്റിസ് രംഗത്ത്

by International | 01-11-2018 | 413 views

ലണ്ടന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രതലവന്മാരുടെ നിലപാടില്‍ താന്‍ ഏറെ നിരാശയാണെന്ന് പ്രതിശ്രുത വധു. ജമാല്‍ ഖഷോഗിയുടെ കൊലപാതകം മൂടിവയ്ക്കുന്നതിനായി സൗദിയെ യു.എസ് പ്രസിഡന്‍റ് ട്രംപ് ഒരിക്കലും സഹായിക്കരുതെന്നും ഖഷോഗിയുടെ പ്രതിശ്രുത വധുവായ ഹാറ്റിസ് കെംഗിസ് പറഞ്ഞു. ലണ്ടനില്‍ നടന്ന ഖഷോഗ്ഗി അനുസ്മരണ ചടങ്ങിലാണ് കെംഗിസ് അമേരിക്കയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്.

കൊലയ്ക്ക് പിന്നിലാരെന്ന് പുറത്തുകൊണ്ടുവരുന്നതിന് ട്രംപ് സഹായിക്കുകയാണ് വേണ്ടത്. ഇത് മൂടിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് അനുവദിക്കരുത്. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി ഭരണാധികരികള്‍ക്കറിയാം. ദുഷ്ട കുറ്റവാളികളും ഭീരുക്കളായ രാഷ്ട്രീയ യജമാനന്മാരുമാണവരെന്നും ഹാറ്റിസ് കൂട്ടിച്ചേര്‍ത്തു. 'കണ്‍മുന്നില്‍ പ്രതിശ്രുത വരന്‍റെ ജീവന്‍ പിടഞ്ഞു മരിച്ചു...ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി ഭരണാധികാരികള്‍ക്കറിയാം.....'തന്‍റെ പ്രതിശ്രുത വരന്‍റെ കൊലപാതകത്തിന് പിന്നിലുള്ള രഹസ്യം മറച്ച് വെക്കാന്‍ സൗദിയെ ട്രംപ് അനുവദിക്കരുത്' ; 'ഖഷോഗിയുടെ കൊലപാതകത്തില്‍ രാഷ്ട്രതലവന്മാരുടെ നിലപാട് നിരാശപ്പെടുത്തുന്നതാണ്'; മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ മൗനം വെടിയണമെന്ന് സൗദിയോടും ട്രംപിനോടും ആവശ്യപ്പെട്ട് പ്രതിശ്രുത വധു ഹാറ്റിസ്

തുര്‍ക്കി സ്വദേശിയാണ് ഹാറ്റിസ് കെംഗിസ്. ഇവര്‍ക്കൊപ്പം ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടെന്നാണ് സൗദി നല്‍കുന്ന വിശദീകരണം.

ഖഷോഗി എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു ആദ്യം സൗദി പ്രതികരിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സൗദി കുറ്റസമ്മതം നടത്തിയത്. സൗദി വംശജനായ ഖഷോഗി സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്‍റെ കടുത്ത വിമര്‍ശകനായിരുന്നു.

 

Lets socialize : Share via Whatsapp