ദുബായില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന ലാബ്

by Dubai | 30-10-2018 | 785 views

ദുബായ്: ദുബായിലെ പ്രധാന പരിപാടികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മേളകളിലുമെല്ലാം ഭക്ഷ്യസുരക്ഷ പൂര്‍ണമായും ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി സഞ്ചരിക്കുന്ന ലബോറട്ടറി സംവിധാനം ഒരുക്കി. ദുബായില്‍ തിങ്കളാഴ്ച ആരംഭിച്ച അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാമന്ത്രി മരിയം സയീദ് ഹരേബ് അല്‍ മുഹൈരി, മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അല്‍ ഹാജിരി എന്നിവര്‍ മൊബൈല്‍ ലാബ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച തുറക്കുന്ന ഗ്ലോബല്‍ വില്ലേജിലാണ് സഞ്ചരിക്കുന്ന ലാബ് ആദ്യം പ്രവര്‍ത്തനത്തിനെത്തുന്നത്. അടുത്ത ആറ് മാസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് മൊബൈല്‍ ലാബിന്‍റെ ആദ്യ ദൗത്യം.

നിലവില്‍ ദുബായ് സെന്‍ട്രല്‍ ലബോറട്ടറിയിലാണ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നത്. പുതിയ സംരംഭം വഴി പരിശോധനയുടെ സമയം കുറയ്ക്കാനും കൃത്യത കൂട്ടാനും സാധിക്കും. എക്‌സ്പോ 2020 ആകുമ്പോഴേക്കും കൂടുതല്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കുമെന്ന് ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. ഒരു ദിവസം 116 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാണ്. സംഭരണം, വിതരണം, താപനിലയിലെ വ്യത്യാസം എന്നിവ കൊണ്ടുണ്ടാകുന്ന അണുബാധ കണ്ടെത്തി ഭക്ഷ്യവിഷബാധ തടയുകയാണ് പ്രധാന ലക്ഷ്യം. ദുബായ് എയര്‍ഷോ, ദുബായ് വേള്‍ഡ് കപ്പ് തുടങ്ങിയ വലിയ മേളകള്‍ക്കും മൊബൈല്‍ ലാബിന്‍റെ സേവനം പ്രയോജനപ്പെടുത്തും.

Lets socialize : Share via Whatsapp