യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി

by General | 30-10-2018 | 800 views

ദുബായ്: യു.എ.ഇ. ഗവണ്മെന്‍റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി വരുന്ന ഡിസംബര്‍ ഒന്ന് വരെ നീട്ടി. ഒക്ടോബര്‍ 31 ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. ഫലത്തില്‍ താമസ രേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.എ.ഇ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു.

മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കാനും അതല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യം വിടാനുമാണ് പൊതുമാപ്പ് ഇക്കഴിഞ്ഞ ഓഗസ്ത് ഒന്ന് മുതല്‍ പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ-യില്‍ പൊതുമാപ്പ് നിലവില്‍ വന്നത്. അവസാനമായി 2012-ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു കാലാവധി.

ഇക്കുറി പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പൊതുവെ ഇന്ത്യക്കാര്‍ കുറവായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വരെ ഇന്ത്യന്‍ എംബസി 656 ഔട്പാസ്സുകളും , 270 പാസ്സ്പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും പ്രവാസി സംഘടനകളും നിരന്തരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞു വന്നിട്ടുണ്ട്.

പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കിയവരുടെ പിഴ എഴുതി തള്ളുകയാണ് ചെയ്തത്. യാത്രാനിരോധനമില്ല എന്നുള്ളതും ഇത്തവണത്തെ പൊതുമാപ്പിന്‍റെ സവിശേഷതയാണ് . ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തില്‍ യു.എ.ഇ എഴുതിത്തള്ളിയത്. യു.എ.ഇ അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് ഈ സൗകര്യം ഒരുക്കിയത്. സായിദ് വര്‍ഷത്തില്‍ യു.എ.ഇ അനുവദിച്ച പൊതുമാപ്പ് രാജ്യത്ത് സാമൂഹിക സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ ഏറെ സഹായമാകുമെന്നാണ് കരുതുന്നത്.

Lets socialize : Share via Whatsapp