യു.എ.ഇ – യിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിദ്ധ്യം

by Sports | 15-09-2017 | 493 views

ദുബായ് : കൈരളിയുടെ അഭിമാനം ഉയര്‍ത്തിക്കാട്ടി, യു.എ.ഇ – യിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിദ്ധ്യം. മലപ്പുറത്ത്കാരി ഷിനി സുനീറയാണ് യു.എ.ഇ – യിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം.

യു.എ.ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്വന്തം ഇടം കരസ്ഥമാക്കിയിട്ട് നാല് വര്‍ഷം തികയുന്ന ഷിനി, ക്രിക്കറ്റ് ടീമിലെ ഓപ്പണിംഗ് ബാറ്റ്സ് വുമണും ബോളറുമാണ്.

ഷിനിയുടെ ഉമ്മയുടെ നാടായ വണ്ടൂരില്‍ ആണ്‍കുട്ടികളുടെ ഒപ്പം ക്രിക്കറ്റ് കളിച്ചു വളര്‍ന്ന ഷിനിയ്ക്ക്, കായിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ അനുഭവങ്ങള്‍ ധാരാളമായിരുന്നു. മാര്‍ത്തോമ കോളേജിലെ ബിരുദ പഠനത്തോടൊപ്പം കോളേജിലെ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള വളര്‍ച്ച കേരള ടീമില്‍ നിന്നും സെന്‍ട്രല്‍ സോണ്‍ വരെയെത്തിച്ചു.

പിന്നീട് ബിരുദാനന്തര പഠനത്തിനു ശേഷം ഷിനി യു.കെ കമ്മീഷനില്‍ ജോലി നേടി. എന്നാല്‍ എം.ബി.എ പഠനത്തിന് ശേഷം ദുബായിലെ ഹിറ്റാച്ചിയില്‍ നിയമനം ലഭിക്കുകയായിരുന്നു. 2013-ല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരം തേടിയെത്തിയ ഷിനി, യു.എ.ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ അംഗമാവുകയായിരുന്നു.

കുവൈറ്റ്‌ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന, ആലപ്പുഴ സ്വദേശി കിഷോറാണ് ഷിനിയുടെ ഭര്‍ത്താവ്.യു.എ.ഇ.യുടെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നില്‍ കരുത്തായി പ്രയാണം തുടരുന്ന ഷിനിയുടെ പിതാവ് മികച്ച ഫുട്ബോള്‍ കളിക്കാരനും റഫറിയുമായിരുന്നു.

Lets socialize : Share via Whatsapp