.jpg)
ദുബൈ: യു എ ഇ-യില്‍ ടൂറിസ്റ്റുകള്‍ക്കുള്ള വാറ്റ് റിഫണ്ട് നവംബര്‍ 18 മുതല്‍ നടപ്പില്‍ വരുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അബുദാബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ലഭ്യമാവുക. ഡിസംബറില്‍ എല്ലാ വിമാനത്താവളങ്ങളിലും, സീ പോര്‍ട്ടുകളിലും ഈ സേവനം ലഭ്യമാകും. വാറ്റ് റിഫണ്ടിംഗ് സേവനം പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനം വഴിയായിരിക്കും ലഭിക്കുക.
നവംബര്‍ 18-ന് ശേഷമുള്ള, 250 ദിര്‍ഹത്തിന് മുകളിലുള്ള റീടെയില്‍ പര്‍ച്ചേസുകള്‍ക്കാണ് ഇത്തരത്തില്‍ വാറ്റ് റിഫണ്ട് ലഭിക്കുക. പര്‍ച്ചേസ് ചെയ്ത തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ വാറ്റ് റിഫണ്ട് ക്ലൈം ചെയ്യാം. ഈ പദ്ധതിയില്‍ 4,000-ത്തോളം റീടെയില്‍ ഔട്ട്ലെറ്റുകള് രജിസ്റ്റര്‍ ചെയ്യുമെന്ന് എഫ് ടി എ ഡയറക്ടര്‍ വ്യക്തമാക്കി. ഈ ഔട്ട്ലെറ്റുകള് വഴി പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് റീ ഫണ്ട് ലഭിക്കുക.
ഇതിനായി എയര്‍പോര്‍ട്ടില്‍ പര്‍ച്ചേസ് ചെയ്ത ടാക്സ് ഇന്‍വോയിസുകളും, പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയും സമര്‍പ്പിച്ചാല്‍ മതിയാകും. പണമായോ, ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സ്ഫര്‍ വഴിയോ റീ ഫണ്ട് ലഭിക്കും. ഓരോ ഇന്‍വോയിസ് ടോട്ടലുകള്ക്കായിരിക്കും ഇത്തരത്തില്‍ റീ ഫണ്ട് ക്ലൈം ചെയ്യാനാവുക.
ഉദാഹരണത്തിന് ഒരാള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനത്തില്‍ നിന്നും 210 ദിര്‍ഹത്തിനും, മറ്റൊരു സ്ഥാപനത്തില്‍ നിന്നും 315 ദിര്‍ഹത്തിനും പര്‍ച്ചേസ് ചെയ്തു. ഇതില്‍ 315 ദിര്‍ഹത്തിന്റെ പര്‍ച്ചേസിന് മാത്രമായിരിക്കും റീ ഫണ്ട് ക്ലൈം ചെയ്യാനാവുക. ആകെ അടച്ച വാറ്റ് തുകയുടെ 85 ശതമാനത്തില്‍ നിന്നും 4.8 ദിര്‍ഹം അഡ്മിനിസ്ട്രേഷന് ഫീയും കഴിച്ചുള്ള തുകയായിരിക്കും ഉപഭോക്താവിന് ലഭിക്കുക. അതായത് 315 ദിര്‍ഹത്തിന്റെ പര്‍ച്ചേസിന് 15 രൂപ വാറ്റ് അടച്ച ഉപഭോക്താവിന് ഇതിന്റെ 85 ശതമാനമായ 12.75-ല്‍ നിന്നും 4.80 ദിര്‍ഹം ഫീ കഴിച്ചുള്ള 7.95 രൂപയാണ് വാറ്റ് റീ ഫണ്ടായി ലഭിക്കും.