യുഎഇ-യിലെ കനത്ത മഴ; വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറുകളെ പൊലീസ് രക്ഷിച്ചു

by General | 18-10-2018 | 579 views

റാസല്‍ഖൈമ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ രണ്ട് കാറുകളെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. റാസല്‍ഖൈമയിലെ അല്‍ഖൂര്‍ താഴ്വരയിലാണ് വാഹനങ്ങള്‍ ഒലിച്ചുപോയത്. ദുബായ് പൊലീസിലെ മുങ്ങല്‍ വിദഗ്ദരെത്തിയാണ് രണ്ട് കാറുകളെയും രക്ഷിച്ചത്. മറ്റൊരു കാര്‍ കൂടി കാണാതായിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ-യില്‍ പലയിടങ്ങളിലും ചൊവ്വാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്ന് കൂടുതല്‍ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. രാജ്യത്ത് ചൊവ്വാഴ്ചയിലെ ഉയര്‍ന്ന താപനില 37.8 ഡിഗ്രിയും താഴ്ന്ന താപനില 14.8 ഡിഗ്രിയുമായിരുന്നു.

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ ഷാര്‍ജയില്‍ റോഡ് അടച്ചു. ഷാര്‍ജക്കും കല്‍ബക്കും ഇടയ്ക്കുള്ള വാദി അല്‍ ഹലൂ റോഡിലാണ് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിരോധിച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചത്. മഴക്കാലത്ത് റോഡുകളില്‍ കൂടുതല്‍ അപകട സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധിൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Lets socialize : Share via Whatsapp