ബ്രസീലും അര്‍ജന്‍റീനയും തമ്മിലുള്ള ഏറ്റുമുട്ടലിന് സൗദി സാക്ഷിയാകും...

by Sports | 14-10-2018 | 2104 views

ജിദ്ദ: ഒരു മോഡേണ്‍ ക്ലാസ്സിക് സോക്കര്‍ പോര് നേരിട്ട് കാണുന്നതിനായി ഇമ വെട്ടാതെ കാത്തിരിക്കുകയാണ് സൗദിയിലെ കായിക പ്രേമികള്‍. ലോകത്തെങ്ങുമെന്ന പോലെ സൗദിയിലെയും കാല്‍പന്താരാധകരുടെ ഇഷ്ട്ട ടീമുകളായ ബ്രസീലും അര്‍ജന്‍റീനയും തമ്മിലുള്ള മത്സരം നേരിട്ടു കാണുന്നതിനായി അക്ഷമയോടെ കാത്തിരിക്കയാണവര്‍. വരുന്ന ചൊവാഴ്ച ജിദ്ദ നഗരത്തില്‍ നിന്ന് അറുപതു കിലോമീറ്റര്‍ ദൂരത്തിലുള്ളത് കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ ജൗഹറ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ത്രസിപ്പിക്കുന്ന മത്സരം.

ബ്രസീലിന് വേണ്ടി നെയ്മര്‍, കുടിഞ്ഞോ, തിയാഗോ സില്‍വ തുടങ്ങിയവരും അര്‍ജന്‍റീനയ്ക്ക് വേണ്ടി പൗളോ ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സൊ തുടങ്ങിയവരും സൗദിയിലെ കളിക്കളത്തില്‍ കാണികളെ ആവേശഭരിതരാക്കും. 62,000-ത്തിലേറെ കാണികളെ ഉള്‍കൊള്ളുന്ന ജിദ്ദാ സ്റ്റേഡിയം ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരുടെ അങ്കത്തില്‍ പ്രകമ്പനം കൊള്ളുമെന്നുറപ്പ്.

വൈകീട്ട് ഒമ്പതിനാണ് മത്സരം. ഇതിനുള്ള ടിക്കെറ്റുകള്‍ ഓണ്‍ലൈനിലൂടെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ലഭ്യമാക്കിയിരുന്നു. ബാങ്ക് കാര്‍ഡുകള്‍ മുഖേന ഒരാള്‍ക്ക് പരമാവധി അഞ്ച് എണ്ണം എന്ന വിധത്തിലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന. വമ്പിച്ച തിരക്കാണ് ടിക്കറ്റ് നേടാനായി ഉണ്ടാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിവരിച്ചു.

ബ്രസീല്‍, അര്‍ജന്‍റീന, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ ആതിഥേയരുടെ ടീമും കൂടി ഉള്‍പ്പെട്ടതാണ് ഒക്ടോബര്‍ പതിനൊന്ന് മുതല്‍ പതിനാറ് വരെ നീണ്ടു നില്‍ക്കുന്ന സൗദിയിലെ ചതുര്‍ രാഷ്ട്ര മിനി സോക്കര്‍ പരമ്പര. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റി സംഘടിപ്പിക്കുന്ന ചാതുര്‍ രാഷ്ട്ര സൗഹൃദ മിനി ടൂര്‍ണമെന്‍റിന്‍റെ ഭാഗമായാണ് സൗദിയില്‍ ഇത്തരം നിലവാരത്തിലുള്ള കാല്‍പന്ത് മത്സരങ്ങള്‍ അരങ്ങേറുന്നത്.

വിഷന്‍ 2030-ന്‍റെ കാഴ്ചപ്പാടില്‍ സൗദി അറേബ്യ പിന്തുരാടുന്ന പുത്തന്‍ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പുതിയ കായിക, വിനോദ, സാംസ്‌കാരിക സംരംഭങ്ങള്‍. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍. റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച മത്സരങ്ങള്‍ തുടങ്ങി. അര്‍ജന്‍റീനയും ഇറാഖും തമ്മിലുള്ള ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന 4-ന് ഇറാഖിനെ നിലംപരിശാക്കി.

 

Lets socialize : Share via Whatsapp