സൗദി അറേബ്യയില്‍ ചതുര്‍ രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 12-ന്

by Sports | 10-10-2018 | 1476 views

റിയാദ്: ചതുര്‍ രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 12-ന് സൗദി അറേബ്യയില്‍ അരങ്ങേറും. സൗദി ദേശീയ ടീമിന് പുറമെ ബ്രസീല്‍, അര്‍ജന്‍റീന, ഇറാഖ് ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നതെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു.

ബ്രസീലിനും അര്‍ജന്‍റീനയ്ക്കും ധാരാളം ആരാധകരുളള സൗദിയില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് റിയാദിലാണ് അരങ്ങേറുന്നത്. ഈ മാസം 11, 12 തീയതികളിലാണ് മത്സരം. മത്സരിക്കുന്ന ടീമുകളുമായി കരാര്‍ ഒപ്പുവെച്ചതായി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസിഡന്‍റ് തുര്‍ക്കി ആലു ഷെയ്ഖ് പറഞ്ഞു.

സൗദി - ബ്രസീല്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴി വാങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സൗദി ടിക്കറ്റ്‌സ് ഡോട് എസ്എ (sauditickets.sa) എന്ന വെബ് സൈറ്റ് വഴി ടിക്കറ്റ് നേടാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. 30 റിയാല്‍ മുതല്‍ 850 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9-ന് മത്സരം ആരംഭിക്കും. സ്ത്രീകള്‍ക്ക് 30 റിയാലിന്‍റെ ഗാലറി ടിക്കറ്റും ലഭ്യമാണ്. വി.ഐ.പി സിംഗിള്‍ 850 റിയാല്‍, വി.ഐ.പി ഫാമിലി 650 റിയാല്‍ എന്നിങ്ങനെയാണ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്. ഇറാഖ് - അര്‍ജന്‍റീന മത്സരത്തിന്‍റെ ടിക്കറ്റുകളും വില്‍പന തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp