സൗദിയില്‍ ഫോര്‍മുല ഇ-കാറോട്ട മത്സരം ഡിസംബര്‍ മുതല്‍....

by Sports | 29-09-2018 | 1653 views

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഫോര്‍മുല ഇ-കാറോട്ട മത്സരത്തിന് ഡിസംബറില്‍ ആരവമുയരും. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാനെത്തുന്ന വിദേശികള്‍ക്ക് ഓണ്‍ലൈന്‍ അറൈവല്‍ വിസയും അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കാറോട്ട മത്സരത്തിന്‍റെ സൗദി പതിപ്പാണ് ഡിസംബറില്‍ അരങ്ങേറുക. കാറോട്ട മത്സര വേദിക്ക് 'ദര്‍ഇയ്യ ഇ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നതെന്നും കാറോട്ട മത്സരം കാണാനെത്തുന്നവര്‍ക്ക് യാതൊരു പ്രതിബന്ധങ്ങളുമുണ്ടാകില്ലെന്നും മത്സരം വീക്ഷിക്കുന്നതിന് ടിക്കറ്റെടുക്കുന്ന അവസരത്തില്‍ തന്നെ ഓണ്‍ലൈന്‍ വിസയും ലഭ്യമാകുമെന്നും സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ്പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഇതാദ്യമായാണ് സൗദി ഓണ്‍ലൈന്‍ വിസ അനുവദിക്കുന്നത്.

പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ എ.ബി.ബി-യുമായി സഹകരിച്ചാണ് അന്ത്രാഷ്ട്ര കാറോട്ട മത്സരം സൗദി സംഘടിപ്പിക്കുന്നത്. സൗദിയുടെ ആദ്യ തലസ്ഥാനമായ ദര്‍ഇയ്യയിലാണ് മിഡില്‍ ഈസ്റ്റിലെ ആദ്യ ഫോര്‍മുല ഇ-മത്സരമായ ദര്‍ഇയ്യ പ്രീ മത്സരം നടക്കുക. ഇതോടനുബന്ധിച്ച് തുടര്‍ച്ചയായ മൂന്നു ദിവസം സംഗീത-വിനോദ പരിപാടികളും അരങ്ങേറും. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ഫോര്‍മ ഇ-യുമായി പത്ത് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കാര്‍ റേസിംഗ് രംഗത്ത് ഏറെ പ്രേമികളുള്ള സൗദിയില്‍ കാര്‍ റേസിംഗ് മത്സരം ഏറെ വിജയം കാണുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

Lets socialize : Share via Whatsapp