യുഎഇ-യില്‍ പത്തു വര്‍ഷ വിസ ഉടന്‍

by General | 25-09-2018 | 442 views

ദുബായ്: യു എ ഇ-യില്‍ പത്തു വര്‍ഷ വിസ ഉടന്‍ പ്രാബല്യത്തിലെത്തും. യു എ ഇ-യില്‍ വന്‍കിട നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് പത്തു വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് പത്തു വര്‍ഷ വിസ നല്‍കാന്‍ യു എ ഇ തയ്യാറെടുക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ആകര്‍ഷിക്കന്‍ ലക്ഷ്യമിട്ട് മേയിലാണ് യു എ ഇ വിസ പരിഷ്‌കരണം പ്രഖ്യാപിച്ചത്. കഴിഞ്ഞ നാളുകളായി തുടര്‍ന്നുവരുന്ന വിസ നയമാറ്റത്തിന്‍റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.

സാങ്കേതിക മേഖലയിലെ സംരംഭകര്‍, ഉന്നതതല നിക്ഷേപകര്‍, ശാസ്ത്ര-ബഹിരാകാശ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് വിസയ്ക്ക് അര്‍ഹത ഉണ്ടായിരിക്കും. നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കപ്പെട്ട മേഖലയിലും, പത്തു വര്‍ഷ വിസ ലഭ്യമാകും. നിക്ഷേപകര്‍ക്കാണ് വിസയ്ക്ക് അര്‍ഹതയുള്ളത്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം കൂടി താമസിക്കാനുള്ള അനുമതിയും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കൂടുതല്‍ക്കാലം യു എ ഇ-യില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ അനുവദിക്കുന്ന തീരുമാനവും അടുത്തിടെ യു എ ഇ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്കു സഹായകമാകുന്ന തീരുമാനമാണിത്.

Lets socialize : Share via Whatsapp