യുഎഇ-യില്‍ നിന്ന് ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രതൈ...

by Business | 25-09-2018 | 749 views

അബുദാബി : ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ അറിയാന്‍... പലപ്പോഴും ഓഫറുള്ള സാധനങ്ങളോ വസ്തുക്കളോ കേട് പറ്റിയതോ ചെറിയ ഡാമേജോ ഉള്ളതായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. വാങ്ങി കഴിഞ്ഞ് വീടുകളിലെത്തുമ്പോഴാണ് ഇത് കണ്ടുപിടിക്കുക. എന്നാല്‍ ഓഫര്‍ സാധനങ്ങള്‍ മാറ്റിയെടുക്കില്ല എന്ന വ്യാപാരികളുടെ വ്യവസ്ഥ മൂലം നിരവധി പേരാണ് ഇങ്ങനെ ചതിക്കുഴിയില്‍ വീഴുന്നത്. ഇതോടെ പരാതികളും വ്യാപകമായി. പരാതി വ്യാപകമായതോടെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വിഷയത്തില്‍ ഇടപെടുന്നത്. ഇതോടെ വ്യാപാര സ്ഥാപനങ്ങള്‍ ഓഫറില്‍ വിറ്റഴിക്കുന്ന സാധനങ്ങളും തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യണമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

വിലക്കുറവില്‍ വില്‍ക്കുന്ന വസ്തുക്കള്‍ തിരിച്ചെടുക്കുകയോ പകരം നല്‍കുകയോ ചെയ്യില്ലെന്ന ബോര്‍ഡ് വച്ചാണ് പല വ്യാപാര സ്ഥാപനങ്ങളുടെയും വില്‍പ്പന. വിലക്കുറവ് കാലത്ത് വില്‍ക്കുന്ന വസ്തുക്കള്‍ തിരിച്ചെടുക്കുകയോ പകരം നല്‍കുകയോ ചെയ്യുന്നത് പ്രയാസമാണെന്നാണ് സ്ഥാപന നടത്തിപ്പുകാരുടെ നിലപാട്. തിരക്ക് കൂടിയ സമയത്ത് ആളുകള്‍ക്ക് അതിനു അവസരം നല്‍കിയാല്‍ അക്കൗണ്ടിങ് അവതാളത്തിലാക്കുമെന്നതാണ് ഇതിനു കാരണമായി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് തടയാന്‍ അധികൃതര്‍ അടിയന്തരമായിഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

2007-ലെ ഉപഭോക്തൃ നിയമം 24 - നമ്പര്‍ പ്രകാരം വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കാതിരിക്കുന്നതും അവശ്യമെങ്കില്‍ പകരം നല്‍കാതിരിക്കുന്നതും നിയമ ലംഘനമാണെന്ന് സാമ്പത്തിക മന്ത്രാലയ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ ഡോ.ഹാഷിം അല്‍ നുഅയ്മി അറിയിച്ചു. വിലക്കുറവ് പ്രഖ്യാപിച്ച സമയത്ത് വില്‍ക്കുന്ന വസ്തുക്കള്‍ക്കും ഈ നിയമം ബാധകമാണ്. ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ പിഴ ചുമത്തി ശിക്ഷിക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാന്‍ സാധിക്കുമെന്ന് ഡോ.ഹാഷിം മുന്നറിയിപ്പ് നല്‍കി.

Lets socialize : Share via Whatsapp