സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ കുതിപ്പ്

by Business | 19-09-2018 | 710 views

സൗദിയുടെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ കുതിപ്പുണ്ടായതായി സാമ്പത്തിക മാധ്യമങ്ങള്‍. നടപ്പുവര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കായിരുന്നു സൗദിയുടെ കയറ്റുമതി.

ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ് സൌദി ഏറ്റവും കൂടുതല്‍ എണ്ണേതര ഉത്പന്നങ്ങള്‍ അയച്ചത്. സൗദിയില്‍ നിന്ന് ചൈനയിലേക്ക് 14.25 ബില്യന്‍ റിയാലിന്റെ കയറ്റുമതി ഉണ്ടായി. ഇന്ത്യയിലേക്ക് 5.94 ബില്യന്‍ റിയാലിന്റെയും. 2017മായി താരതമ്യം ചെയ്യുമ്പോള്‍ 30.3 ദശലക്ഷം റിയാലിന്റെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം ചൈനയിലേക്ക് ഇതേ കാലവളവില്‍ 3.76 ബില്യന്‍ റിയാലിന്റെ വര്‍ധനവും രേഖപ്പെടുത്തി. സൗദിയില്‍ നിന്ന് എണ്ണയിതര ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളുടെ മുന്‍നിരയിലാണ് ചൈനയും ഇന്ത്യയും. യു.എ.ഇ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടടുത്തുള്ളത്.

Lets socialize : Share via Whatsapp