അയല്‍രാജ്യങ്ങളുടെ അസൂയ...ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റണമെന്ന് ആവശ്യം

by Sports | 19-09-2018 | 1250 views

ദോഹ: 2022 ല്‍ ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ പോവുന്നു എന്ന പ്രഖ്യാപനം വന്നത് മുതല്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരുകൂട്ടര്‍ മലയാളികളാണ്. തങ്ങളിതുവരെ ടീവിയിലൂടെ മാത്രം കണ്ട പല താരങ്ങളുടേയും കളികള്‍ മൈതാനത്ത് നിന്ന് നേരിട്ട് കാണാന്‍ കഴിയുന്നതിന്റെ ആകാംക്ഷയിലാണ് ഖത്തറിലെ മലയാളികള്‍. ലോകപ്പിന് വേണ്ടി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ നടത്തുന്നത്. മിക്ക ലോകകപ്പ് വേദികളും ഇതിനോടകം തന്നെ സജ്ജമായിക്കഴിഞ്ഞു. എന്നാല്‍ ഇതിനിടെ കല്ലുകടിയാവുന്നത് ഖത്തറില്‍ നിന്ന ലോകകപ്പ് വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയല്‍രാജ്യങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഖത്തര്‍. തങ്ങള്‍ക്കൊപ്പം ലോകകപ്പ് വേദിക്ക് ശ്രമിച്ചരാജ്യങ്ങള്‍ക്കെതിരെ പണം മുടക്കി പ്രചാരണം നടത്തിയാണ് ഖത്തര്‍ 2022 ലെ ലോകകപ്പ് ഫുട്ബോള്‍ വേദി നേടിയെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ലോകകപ്പ് വേദിക്കായുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും മറ്റു പ്രചാരണ സംവിധാനങ്ങളും ഖത്തര്‍ ഉപയോഗിച്ചുവെന്നായിരുന്നു വാര്‍ത്ത.

വേദിക്കായി ശ്രമിച്ച രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും മറ്റും തെരഞ്ഞുപിടിച്ച് അവരിലൂടെ അതത് രാജ്യത്തിനെതിരെ പ്രചാരണം നടത്തി. ആ രാജ്യത്തിന് ലോകകപ്പ് നടത്താനുള്ള പ്രാപ്തിയില്ലെന്ന് ജനങ്ങള്‍ക്കിടയിലും മറ്റും പ്രചരണമുണ്ടാക്കുകായിരുന്നു ലക്ഷ്യമെന്ന് സണ്‍ഡേ ടൈംസ് ജൂലായ് അവസാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളെ ഖത്തര്‍ പൂര്‍ണ്ണമായി തള്ളികളഞ്ഞിരുന്നു. എല്ലാം സുതാര്യമായിരുന്നുവെന്ന് തെളിഞ്ഞതാണെന്നും വേദി തെരഞ്ഞെടുപ്പില്‍ ഫിഫയുടെ എല്ലാ ചട്ടങ്ങളും ഖത്തര്‍ കൃത്യമായി അനുസരിച്ചിരുന്നെന്നും ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ഖത്തറിന്റെ വിശദീകരണം.

ഈ വാര്‍ത്തകളുടെ ചുവടുപിടിച്ച് ഖത്തറില്‍ നിന്ന് ലോകകപ്പ് വേദി മാറ്റണമെന്ന് പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള ശ്രമങ്ങല്‍ വ്യാപകമായി നടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകായി ഖത്തര്‍ ഭരണകൂടുമിപ്പോള്‍. കായികമേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഖത്തര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും 2022 ലെ ലോകകപ്പ് വേദി ഖത്തറില്‍ മാറ്റാന്‍ ശ്രമിക്കുന്നചില അയല്‍ രാജ്യങ്ങളുടെ ശ്രമങ്ങളും കാമ്പയിനുകളും മാനസിക രോഗത്തിന്റെ ഭാഗമാണെന്നുമായിരുന്നു വിദേശ കാര്യമന്ത്രിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല് റഹ്മാന്‍ അല്‍ഥാനിയുടെ യുടെ പ്രതികരണം രാഷ്ട്രീയ തര്‍ക്കങ്ങള്‍ എങ്ങനെയാണ് കായിരഗംത്തെ ബാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതേ കുറിച്ച് ഖത്തര്‍ വിശദമായി അന്വേഷിക്കുകയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇതൊരു പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെയ്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അല്‍ഥാനി.

ഖത്തറിനെ തകര്‍ക്കാനാണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉപരോധത്തിന്റെ നാളുകളില്‍ ദോഹ കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അനവധി രാഷ്ട്രങ്ങളുമായി പുതിയ സാമ്പത്തിക്ക-വ്യാപാര-ഉപയകക്ഷി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇക്കാലയളവില്‍ രാജ്യത്തിന് കഴിഞ്ഞു. ഖത്തറിന്റെ പരമാധികാരത്തെ അടിയറവ് വെച്ച് ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തര്‍ ഒരിക്കലും ഒരുക്കമല്ല. പരമാധികാരത്തെ തുരങ്കം വെക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പരിഹാരം ഒരിക്കലും നടപ്പിലാവാന്‍ പോവുന്നില്ലെന്നും ഉപപ്രധാനമന്ത്രി കൂടിയായ അല്‍ഥാനി വൃക്തമാക്കി.

Lets socialize : Share via Whatsapp